എക്‌സൈസിന്റെ പൂട്ടിന് പുല്ലുവില… രാവിലെ പൂട്ടിച്ചു, വൈകീട്ട് വീണ്ടും തുറന്ന ബാറിനെതിരെ….

കോട്ടയം: എക്‌സൈസ് അധികൃതർ രാവിലെ പൂട്ടിച്ച ബാർ വൈകീട്ട് വീണ്ടും തുറന്നതിനെ തുടർന്ന് മണർകാട് രാജ് റീജന്റ് ബാറിന്റെ ലൈസൻസ് റദ്ദാക്കി. എക്‌സൈസ് മന്ത്രി എം. ലിജുവിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ശനിയാഴ്ച പുലർച്ചെ നിയമവിരുദ്ധമായി ബാർ പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് എക്‌സൈസ് സംഘം മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെ ബാർ പൂട്ടിക്കുകയും ഇതുസംബന്ധിച്ച നോട്ടീസ് ബാർ അധികൃതർക്ക് കൈമാറുകയും ചെയ്തു.

എന്നാൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടി അവഗണിച്ച് വൈകീട്ടോടെ ബാർ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. എക്‌സൈസ് അധികൃതർ പൂട്ടിച്ച ബാർ വീണ്ടും തുറന്ന് പ്രവർത്തിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് കടുത്ത നടപടിക്ക് നിർദേശം നൽകിയത്. മന്ത്രിയുടെ നിർദേശപ്രകാരം എക്‌സൈസ് കമ്മിഷണർ ബാറിന്റെ ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള രേഖാമൂലമുള്ള ഉത്തരവ് മാനേജ്‌മെന്റിന് കൈമാറി.

കോട്ടയം ജില്ലയിലെ ചില ബാറുകൾ സംസ്ഥാനത്തെ മറ്റു ബാറുകൾക്ക് ബാധകമായ സമയക്രമം പാലിക്കുന്നില്ലെന്ന് നേരത്തെ മന്ത്രി എം. ലിജു വിമർശിച്ചിരുന്നു. അതിരാവിലെ ബാറുകൾ തുറന്ന് പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച പുലർച്ചെ രാജ് റീജന്റ് ബാറിൽ എക്‌സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ പൂട്ടിച്ച ബാർ വീണ്ടും തുറന്നതാണ് ഇപ്പോൾ ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്.

Related Articles

Back to top button