‘അമ്മ ആരെന്ന് അറിയാത്തവർ’… വന്ദേമാതരം പരാമർശത്തിൽ കേരള സർവകലാശാല വിസിക്കെതിരെ…

തിരുവനന്തപുരം: വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാർ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വി.സിയുടെ നടപടി പദവിക്ക് നിരക്കാത്തതാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ പറഞ്ഞു. വി.സി.മാർ രാഷ്ട്രീയപാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കുകയും രാഷ്ട്രീയ ധ്രുവീകരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ആര് ചെയ്താലും തെറ്റാണെന്നും മന്ത്രിമാർ പറഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നടന്ന ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് കേരള സർവകലാശാല വി.സി. ഡോ. മോഹനൻ കുന്നുമ്മൽ വന്ദേമാതരത്തെ എതിർക്കുന്നവർക്കെതിരെ വിവാദ പരാമർശം നടത്തിയത്. ‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പരാമർശം പുറത്തുവന്നതിന് പിന്നാലെ വി.സിക്കെതിരെ എൽഡിഎഫ് നേതാക്കളും വിവിധ വിദ്യാർഥി സംഘടനകളും രംഗത്തെത്തി. ഇതിനിടെയാണ് മന്ത്രിയുടെ വിമർശനം. അതേസമയം, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തെയും മന്ത്രിമാർ വിമർശിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ശവമഞ്ചം ഒരുക്കിയ നടപടി അപരിഷ്കൃതമാണെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. വി.സിക്കെതിരായ പ്രതിഷേധത്തിൽ ശവമഞ്ചം ഒരുക്കിയത് പ്രാകൃത നടപടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിമർശിച്ചു.



