മലയാള സർവ്വകലാശാലയിൽ ജാതി അധിക്ഷേപവും മാനസിക പീഡനവും… അധ്യാപകനെതിരെ വിദ്യാർത്ഥിനി…

മലപ്പുറം: മലയാള സർവ്വകലാശാലയിലെ അധ്യാപകനെതിരെ ഗുരുതരമായ ജാതി അധിക്ഷേപ ആരോപണവുമായി ഗവേഷക വിദ്യാർത്ഥിനി. പരിസ്ഥിതി പഠന വിഭാഗത്തിലെ എറണാകുളം സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് അന്നത്തെ വിഭാഗം ഡയറക്ടറായിരുന്ന ഡോ. അരുൺ ബാബുവിനെതിരെ രംഗത്തെത്തിയത്. 2024-ൽ സർവ്വകലാശാലയിൽ പ്രവേശനം നേടിയത് മുതൽ അധ്യാപകനിൽ നിന്ന് കടുത്ത അപമാനമാണ് നേരിടേണ്ടി വന്നതെന്നാണ് വിദ്യാർത്ഥിനിയുടെ ആരോപണം.

ഗവേഷണവുമായി ബന്ധപ്പെട്ട സഹായങ്ങൾ നൽകുന്നതിന് പകരം തൂപ്പുപണി, പൊടി തുടയ്ക്കൽ, ലാബിലെ വസ്തുക്കൾ അടുക്കി വെക്കൽ തുടങ്ങിയ ജോലികളാണ് അധ്യാപകൻ ചെയ്യിച്ചിരുന്നതെന്ന് വിദ്യാർത്ഥിനി ആരോപിക്കുന്നു. “ഇവിടെ പി.എച്ച്.ഡി ചെയ്യണമെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം. കഴിവ് കൊണ്ടല്ല, ജാതി സംവരണം ഉള്ളതുകൊണ്ടാണ് ഫെല്ലോഷിപ്പ് കിട്ടിയത് എന്ന് പറഞ്ഞ് നിരന്തരം അധിക്ഷേപിക്കുമായിരുന്നു,” എന്ന് വിദ്യാർത്ഥിനി പറഞ്ഞു. ഇരിക്കാൻ കസേര പോലും തരാതെ മണിക്കൂറുകളോളം മഴയത്ത് നിർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും, മറ്റൊരു അധ്യാപികയും സമാനമായി പെരുമാറിയെന്നും വിദ്യാർത്ഥിനി വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് തനിക്ക് കടുത്ത വിഷാദരോഗം പിടിപെടുകയും രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തതായി പെൺകുട്ടി വെളിപ്പെടുത്തി. രണ്ടു വർഷമായിട്ടും ഗവേഷണ രൂപരേഖ നൽകിയില്ലെന്ന് പറഞ്ഞ് ഡോക്ടറൽ കമ്മിറ്റി നടത്തിയില്ലെന്നും, വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും റിസർച്ച് ഡയറക്ടർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും വിദ്യാർത്ഥിനി ആരോപിച്ചു.

അതേസമയം, വിദ്യാർത്ഥിനിയുടെ പരാതിയിൽ ആരോപിക്കപ്പെടുന്ന കാര്യങ്ങൾക്ക് തെളിവില്ലെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. പരാതിയെക്കുറിച്ച് സർവ്വകലാശാലയിലെ എസ്.സി/എസ്.ടി സെൽ അന്വേഷണം നടത്തുകയും തെളിവുകളൊന്നുമില്ലെന്ന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതായി രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ അറിയിച്ചു. വിദ്യാർത്ഥിനിയുടെ വിഷയത്തിൽ സ്പെഷ്യലൈസ് ചെയ്ത അധ്യാപകർ സർവ്വകലാശാലയിൽ നിലവിലില്ലാത്തതിനാൽ കോ-ഗൈഡിനെ നിയമിക്കാനും ആവശ്യമായ ലാബ് സൗകര്യങ്ങൾ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് രജിസ്ട്രാർ പറഞ്ഞു. സർവ്വകലാശാലാ നിയമപ്രകാരം സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തിട്ടുണ്ട്. ഹോസ്റ്റലുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയം ഹിയറിംഗിന് ശേഷം അന്വേഷണ റിപ്പോർട്ടായി സമർപ്പിക്കുമെന്നും സർവ്വകലാശാല വ്യക്തമാക്കി.

Related Articles

Back to top button