നായകളെ വളർത്തുന്നവരും വില്പനക്കാരും സൂക്ഷിക്കുക… ഉപേക്ഷിച്ചാൽ പണി കിട്ടും…

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി തെരുവുനായ നിയന്ത്രണത്തിന് പുതിയ കർമ്മപദ്ധതി തയ്യാറാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. രോഗമുള്ളതോ അവശത അനുഭവിക്കുന്നതോ ആയ നായകളെ തെരുവിൽ ഉപേക്ഷിച്ചാൽ കനത്ത പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഉറപ്പാക്കുക എന്നത് തദ്ദേശസ്ഥാപനങ്ങളുടെ നിർബന്ധിത ചുമതലയാക്കും. കൂടാതെ, വളർത്തുകേന്ദ്രങ്ങളിൽ നായകളുടെ പ്രജനനം, വിൽപ്പന, വാക്സിനേഷൻ എന്നിവയ്ക്കും കൃത്യമായ മാനദണ്ഡങ്ങൾ വരും. പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക തുക വകയിരുത്തേണ്ടി വരും.

വളർത്തുനായകൾ, തെരുവുനായകൾ, തെരുവുനായ നിയന്ത്രണത്തിനുള്ള പശ്ചാത്തലമൊരുക്കൽ, പൊതുജനങ്ങളുടെ സമീപനം, അപകടഘട്ടത്തിലെ പ്രതിരോധം എന്നിങ്ങനെ അഞ്ചു തലങ്ങളായാണ് കർമ്മപരിപാടി ആസൂത്രണം ചെയ്യുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി കെ.എം. ഷാജിയുടെ അധ്യക്ഷതയിൽ ഉടൻ തന്നെ യോഗം ചേരും. കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി എൻ.ജി.ഒകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും. തെരുവുനായകളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പ്രത്യേക നായപിടിത്തക്കാരെ നിയോഗിക്കാനും പദ്ധതിയുണ്ട്.

പ്രത്യേക ഷെൽട്ടറുകൾ സ്ഥാപിച്ച് നായകൾക്ക് ഭക്ഷണം നൽകുന്നതിന് നിശ്ചിത സമയവും സ്ഥലവും അടയാളപ്പെടുത്തും. വീടുകളിൽ നായകളെ വളർത്തുന്നതിനും പ്രത്യേക മാർഗ്ഗരേഖ പുറത്തിറക്കും. അതേസമയം, സുപ്രീംകോടതി അനുമതി നൽകിയിട്ടുള്ള ദയാവധം പോലുള്ള അടിയന്തര നടപടികൾ മറ്റ് വഴികളില്ലാത്ത അന്തിമഘട്ടത്തിൽ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി.

Related Articles

Back to top button