എൻഎസ്എസ് ഡയറക്ടർ ബോർഡിൽ വലിയ വെട്ടിനിരത്തൽ…. ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കി

തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റി (NSS) ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും കെ.ബി. ഗണേഷ് കുമാറിനെ അപ്രതീക്ഷിതമായി മാറ്റി. ഡയറക്ടർ ബോർഡിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക അംഗത്വം എൻഎസ്എസ് നേതൃത്വം പുതുക്കി നൽകിയില്ല. കാലാവധി പൂർത്തിയായ 9 അംഗങ്ങളുടെ അംഗത്വമായിരുന്നു പുതുക്കേണ്ടിയിരുന്നത്. ഇതിൽ ഗണേഷ് കുമാർ ഒഴികെ ബാക്കി എട്ടുപേരുടെയും അംഗത്വം സംഘടന പുതുക്കി നൽകിയതായാണ് വിവരം. ഡയറക്ടർ ബോർഡിൽ നിന്നും ഒഴിവാക്കപ്പെട്ട ഗണേഷ് കുമാറിന് പകരം ബി.ആർ.കെ. ബാബുവിനെ പുതിയ അംഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
തന്റെ സ്വന്തം മണ്ഡലമായ പത്തനാപുരത്തെ താലൂക്ക് യൂണിയനുമായി നിലനിന്നിരുന്ന കടുത്ത തർക്കങ്ങളാണ് ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കാൻ പ്രധാന കാരണമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ഗണേഷ് കുമാറിന് ലഭിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലം മുതൽക്കുതന്നെ താലൂക്ക് യൂണിയൻ ഭാരവാഹികളുമായി ഗണേഷ് കുമാറിന് കടുത്ത അഭിപ്രായവ്യത്യാസങ്ങളും പരസ്യമായ ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു. ഈ തർക്കങ്ങൾ ഒടുവിൽ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നുള്ള അദ്ദേഹത്തിന്റെ പുറത്താക്കലിലേക്കാണ് വഴിതുറന്നത്. സമുദായ സംഘടനയുടെ ഉള്ളിലെ ഈ നാടകീയ നീക്കങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിക്കഴിഞ്ഞു.



