തെന്മല അഭയകേന്ദ്രത്തിലെ ക്രൂരത… സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊല്ലം തെന്മലയിലെ സ്വകാര്യ അഭയകേന്ദ്രത്തിൽ അന്തേവാസികളായ വയോധികർ ക്രൂരമായ മർദനത്തിനിരയായ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. മനുഷ്യമനസാക്ഷിയെ നടുക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ നേരിട്ട് ഇടപെടുകയും സർക്കാരിനോട് അടിയന്തര വിശദീകരണം തേടുകയുമായിരുന്നു. ഉത്തരവാദപ്പെട്ട സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തിൽ കടുത്ത നിസംഗതയാണ് പുലർത്തുന്നതെന്ന് കോടതി രൂക്ഷമായി വിമർശിച്ചു.

സിസ്റ്റം പൂർണ്ണമായും നിസംഗത പുലർത്തുകയാണ്. നിർഭാഗ്യവശാൽ കോടതി പറയുന്ന വാക്കുകൾ പലപ്പോഴും അധികാര സംവിധാനങ്ങളിലേക്ക് എത്തുന്നില്ല. എന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 70 വയസിന് മുകളിൽ പ്രായമുള്ള വയോധികർക്ക് മദ്യം നൽകിയ ശേഷമാണ് അഭയകേന്ദ്രത്തിൽ ക്രൂരമായി മർദിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മൂന്ന് സ്ത്രീകളും ഒമ്പത് പുരുഷന്മാരും ഉൾപ്പെടെ 12 അന്തേവാസികളാണ് ജീവനക്കാരന്റെ അതിക്രൂരമായ മർദനത്തിന് ഇരയായത്. അന്തേവാസികളിൽ നിന്ന് വൻ തുക പണം ഈടാക്കിയ ശേഷമാണ് ഈ ക്രൂരത മുഴുവൻ കാട്ടിയത്. ഇവർക്ക് മതിയായ ചികിത്സയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ നൽകിയിരുന്നില്ല. പ്രഭാതകൃത്യങ്ങൾ പോലും ചെയ്യാൻ പ്രയാസപ്പെടുന്ന ഈ വയോജനങ്ങൾ അതീവ വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നത്. ഒരു ചെറിയ മുറിയിൽ ഏഴുപേരെ വരെയാണ് ഒരുമിച്ച് താമസിപ്പിച്ചിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിന്റെ ഉടമയായ അഞ്ചൽ അഗത്യക്കോട് സ്വദേശി ബ്രഹ്മദാസിനെ (52) തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2018-ലാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ ഇക്കഴിഞ്ഞ ഏപ്രിൽ 25-ന് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവായ ബ്രഹ്മദാസ് സ്ഥാപനത്തിന്റെ മേൽനോട്ടം ഏറ്റെടുത്തത്. കേസിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള എല്ലാ നിയമനടപടികളും പൊലീസ് ഉടൻ തന്നെ കോടതിയെ അറിയിക്കും. മനുഷ്യത്വരഹിതമായ ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button