ഇരട്ടയാറിൽ മദ്യപാനത്തിനിടെ തർക്കം… സുഹൃത്തിനെ റോഡിലൂടെ വലിച്ചിഴച്ച് മർദ്ദിച്ച് കൊന്നു, പ്രതി പിടിയിൽ

ഇടുക്കി: ഇരട്ടയാറിൽ സുഹൃത്തുക്കൾ തമ്മിലുള്ള മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി (രാഹുൽ) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11 മണിയോടെ ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

കെട്ടിടത്തിന് സമീപമിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് കൈയേറ്റത്തിൽ അവസാനിക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന സജയൻ രാഹുലിനെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തുമ്പോൾ രാഹുൽ റോഡിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മദ്യലഹരിയിൽ സംഭവിച്ച കൈയബദ്ധം എന്നാണ് സജയൻ പോലീസിന് നൽകിയ പ്രാഥമിക മൊഴി. കസ്റ്റഡിയിലുള്ള പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button