‘വിള്ളൽ തിരയുന്നവർ കണക്ക് പറയണം’…. കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി… വയനാട് ടൗൺഷിപ്പിൽ ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗുണനിലവാരം 100 ശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ കോൺഗ്രസിനെതിരെയും സ്വന്തം പാർട്ടിയുടെ ഭരണത്തിലുള്ള തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെയും മന്ത്രി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.

“വാസയോഗ്യമല്ലാത്ത ഒരു വീടും ദുരന്തബാധിതർക്ക് നൽകില്ല. അഞ്ചു വർഷത്തേക്ക് വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തേണ്ട ഉത്തരവാദിത്തം ഊരാളുങ്കലിനാണ്. വീട് വെച്ചുനൽകാതെ വിള്ളൽ തിരയാൻ കോൺഗ്രസിന് നാണമില്ലേ?” എന്ന് മന്ത്രി ചോദിച്ചു.

വയനാടിനായി കോൺഗ്രസ് ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെപ്പോയി? രാഹുൽ ഗാന്ധി കല്ലിട്ട വീടുകൾ എവിടെ? ഒരു പ്ലാൻ പോലുമില്ലാതെ പിരിച്ച പണത്തിന്റെ കൃത്യമായ കണക്ക് പറയാൻ കോൺഗ്രസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫലം വരും മുൻപ് തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി കൂട്ടയടിയാണ് നടക്കുന്നത്. എല്ലാവരും കൂടി ഡൽഹിക്ക് പോകുകയാണെന്നും ഇത് മാരത്തോൺ അടിയായി മാറുമെന്നും മന്ത്രി പരിഹസിച്ചു.

സ്വന്തം തട്ടകമായ തിരുവനന്തപുരത്തെ നഗരസഭയ്ക്കെതിരെയും മന്ത്രി ആഞ്ഞടിച്ചു. നഗരത്തിൽ മാലിന്യ പ്രതിസന്ധി അതീവ രൂക്ഷമാണ്. വേനൽക്കാലത്ത് പൊതുയിടങ്ങളിൽ കുടിവെള്ളം പോലും ലഭ്യമാക്കിയിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഉത്തരവാദിത്തം നിറവേറ്റിയില്ലെങ്കിൽ സർക്കാർ ഇടപെടുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

Related Articles

Back to top button