വെള്ളക്കെട്ടിന് പിന്നാലെ രോഗഭീഷണി… സംസ്ഥാനത്ത് ഇൻഫ്ലുവൻസ, H1N1 കേസുകൾ ഉയരുന്നു…

കൊച്ചി: മഴക്കെടുതികൾക്കൊപ്പം സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണവും ഉയരുന്നു. ഇൻഫ്ലുവൻസ, അഥവാ ഫ്ലൂ കേസുകളിൽ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 302 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 115 പേർ ചികിത്സ തേടി. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് ഇൻഫ്ലുവൻസ ബാധിച്ചതായും 31 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ ഇൻഫ്ലുവൻസയെ തുടർന്ന് 70 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെടുന്ന H1N1 കേസുകളിലും വർധനയുണ്ട്. ജൂലൈ വരെയുള്ള കണക്കനുസരിച്ച് 2,771 പേർക്ക് H1N1 സ്ഥിരീകരിക്കുകയും 42 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രോഗബാധ ഉയർന്ന നിലയിലാണ്. എറണാകുളത്താണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം, കോഴിക്കോട് നഗരമേഖലകളിലും രോഗവ്യാപനം വർധിക്കുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റം, അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, ആളുകൾ കൂടുതലായി കൂട്ടംകൂടുന്ന സാഹചര്യങ്ങൾ എന്നിവ വൈറസ് വ്യാപനത്തിന് കാരണമാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളെ സാധാരണ പനിയെന്ന് കരുതി അവഗണിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. രോഗപ്രതിരോധശേഷി കുറഞ്ഞവർ മാസ്ക് ഉപയോഗിക്കുകയും ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടുകയും വേണം. അതേസമയം, ഇൻഫ്ലുവൻസയ്ക്ക് പുറമെ ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും കുറവില്ല. പ്രതിദിന ഡെങ്കിപ്പനി രോഗികളുടെ എണ്ണം 100ന് അടുത്തെത്തുന്നുണ്ട്. വെള്ളപ്പൊക്കത്തിന് പിന്നാലെ എലിപ്പനി കേസുകൾ ഉയരാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് മുന്നിൽ കാണുന്നു. എലിപ്പനി തിരിച്ചറിയാൻ വൈകിയാൽ ഗുരുതരമായേക്കാം. പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഉപയോഗിക്കുന്നതും ലക്ഷണങ്ങൾ ഉണ്ടായാൽ നേരത്തെ ചികിത്സ തേടുന്നതും രോഗപ്രതിരോധത്തിൽ പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button