ഹെലികോപ്ടർ യാത്രയിൽ രണ്ട് വിശദീകരണം… നിക്ഷേപക ഗ്രൂപ്പിന്റെ പേര് വെളിപ്പെടുത്താതെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഹെലികോപ്ടർ യാത്രയെക്കുറിച്ചുള്ള വിശദീകരണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് എതിരെ വിമർശനം ശക്തമാകുന്നു. യാത്രയുടെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത വിശദീകരണങ്ങളാണ് മുഖ്യമന്ത്രി നൽകിയതെന്നാണ് ആരോപണം. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ നിക്ഷേപകരെ കാണാനാണ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കൊച്ചിയിൽ എത്തിയ സാഹചര്യത്തിലാണ് നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മുൻ മുഖ്യമന്ത്രി ഹെലികോപ്ടർ യാത്ര നടത്തിയതിനെ താൻ വിമർശിച്ചിട്ടില്ലെന്നും, സർക്കാർ ഗുണകരമാകുന്ന ഔദ്യോഗിക ആവശ്യത്തിനായാണ് യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനായിരുന്നു യാത്രയെന്നും, അവർ നേരത്തെ കാണണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഹെലികോപ്ടർ ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ബുക്ക് ചെയ്തിരുന്നെങ്കിലും സമയപരിമിതി മൂലമാണ് ഹെലികോപ്ടർ ഉപയോഗിച്ചതെന്നും, യാത്ര ചെയ്താലും ഇല്ലെങ്കിലും ചെലവ് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഏത് നിക്ഷേപക ഗ്രൂപ്പാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. അവരെ കൂടി വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും അത് പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ ഇതുവരെ 26 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. 11 പേർക്ക് പരിക്കേറ്റതായും നാല് പേരെ കാണാതായതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 27,048 പേർ ക്യാമ്പുകളിലുണ്ട്. പ്രാഥമിക കണക്കുകൾ പ്രകാരം 1,882 ഹെക്ടർ കൃഷിയാണ് നശിച്ചത്. 23,537 കർഷകരെ മഴക്കെടുതി ബാധിച്ചതായും 66.44 കോടി രൂപയുടെ നഷ്ടമാണ് നിലവിൽ കണക്കാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button