നിലപാടുകളിൽ വിട്ടുവീഴ്ചയുമായി ഗ്യാനേഷ് കുമാർ

വിവാദച്ചൂടിൽ യോഗം ചേർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉന്നയിച്ച വിയോജിപ്പുകൾ യോഗത്തിൽ ചർച്ചയായി. എസ്ഐആറിലെ പരാതികൾ സംബന്ധിച്ച് മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചർച്ച ചെയ്തു. രണ്ട് കമ്മീഷണർമാർ ഉന്നയിച്ച പ്രധാന വിയോജിപ്പുകളിൽ യോഗത്തിൽ ചില തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. എസ്ഐആറിനൊപ്പമുള്ള ഫോം 6 ൽ മാറ്റമുണ്ടാകില്ല. എന്നാൽ അല്ലാത്ത സമയങ്ങളിൽ പുതിയ വോട്ടർമാരെ ചേർക്കുമ്പോൾ പഴയ ഫോം 6 തന്നെ നിലനിൽക്കും. എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവുകൾ തുടങ്ങുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഇസിഐ നെറ്റ് സംബന്ധിച്ചായിരുന്നു മറ്റൊരു വിയോജിപ്പ്. ഇസിഐ നെറ്റിന്റെ നിയന്ത്രണം കേന്ദ്ര കമ്മീഷന്റെ കയ്യിലാണ്. ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധർ ഉൾപ്പെട്ട സമിതി ഇസിഐ നെറ്റിലെ മാറ്റങ്ങൾ വേണോയെന്ന് പരിശോധിക്കും. ഗോവയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 97 പേരിൽ 81 പേരുടെ വീട്ടിൽ പോയി ബിഎൽഒമാർ ഫോം ശേഖരിച്ചു ഫയൽ ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.
പാവപ്പെട്ടവർ, ഷെൽട്ടറുകളിൽ കഴിയുന്നവർ, തൊഴിലാളികൾ, വീടില്ലാത്തവർ മുതലായവർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്കുകളും പ്രത്യേക ക്യാമ്പുകളും തീരുമാനമായി. ദില്ലിയിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച് വലിയ പരാതി ഉയർന്നിരുന്നു. മൂന്നിലൊന്ന് പേർക്കും നോട്ടീസ് ലഭിച്ചു. എന്നാൽ നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തീരുമാനമായി. ബിഎൽഒമാർ വീട്ടിലെത്തി ഹിയറിംഗ് നടക്കും. അത്യാവശ്യമെങ്കിൽ ഓൺലൈൻ ഹിയറിംഗ് നടത്തും. കരട് വോട്ടർ പട്ടികയിൽ പരാതി ഉന്നയിക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടി. എസ്ഐആറിലെ തീരുമാനങ്ങൾ ഏകകണ്ഠമാണെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിൽ ആവർത്തിച്ചിരിക്കുകയാണ്.




