സിഗരറ്റ് കത്തിച്ചപ്പോൾ തീ പടർന്നു….പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു….

തിരുവനന്തപുരം: തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സിഗററ്റ് കത്തിച്ചപ്പോൾ കൊള്ളി വീണതാണ് തീപിടിച്ചതിന് കാരണമെന്നാണ് നിഗമനം. മൺവിള പോട്ടൂർ സ്വദേശി സുജിത്ത് (38) എന്ന യുവാവാണ് മരിച്ചത്. ഇരുനിലവീട്ടിലാണ് സുജിത് താമസിച്ചിരുന്നത്. മുകളിലത്തെ നിലയിലാണ് സുജിത്തും ഭാര്യയും മകളും താമസിച്ചത്. താഴത്തെ നിലയിലുള്ളത് അമ്മയും സഹോദരനുമാണ്. സിഗററ്റ് കത്തിച്ചപ്പോൾ കൊള്ളിയിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് വരാൻ ഒരു വഴി മാത്രമേയുള്ളൂ. അതിനാൽ മുകളിലത്തെ നിലയിൽ തീപിടുത്തമുണ്ടായപ്പോൾ രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയിലെത്തിയിരുന്നു. രക്ഷപ്പെടാൻ സുജിത് ബാത്റൂമിൽ കയറി കതകടച്ചെന്നും അതിൽ കുടുങ്ങിപ്പോയി എന്നുമാണ് ലഭ്യമാകുന്ന വിവരം. ശേഷം കഴക്കൂട്ടത്ത് നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചതും സുജിത്തിനെ ആശുപത്രിയിലെത്തിച്ചതും. ചികിത്സയിലിരിക്കേയാണ് സുജിത്തിന്റെ മരണം. അതേ സമയം സംഭവത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടിട്ടുണ്ട്. ഒരു കൊള്ളിയിലെ തീയിൽ‌ നിന്നും വീടിന്റെ നില മുഴുവൻ കത്തിനശിച്ചതിലാണ് ദുരൂഹത നിലനിൽക്കുന്നത്. കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button