കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ അപകടഭീഷണിയായി ട്രാക്കിൽ നിലയുറപ്പിച്ച കാട്ടാന….

തെന്മല: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ അപകടഭീഷണിയായി ട്രാക്കിൽ നിലയുറപ്പിച്ച കാട്ടാന. ഒറ്റക്കൽ റെയിൽവേ സ്റ്റേഷനുസമീപത്തെ ട്രാക്കിലാണ് ട്രെയിനിനു മുന്നിൽ കാട്ടാന എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ പുനലൂർ ഭാഗത്തുനിന്ന് ചെങ്കോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസിന് മുന്നിലാണ് ഒറ്റക്കൽ സ്റ്റേഷനും ഇടമണ്ണിനും ഇടയിലുള്ള ഇരപ്പിൻചാൽ ഭാഗത്ത് കാട്ടാന എത്തിയത്.
ട്രാക്കിൽനിന്ന് മരക്കൊമ്പുകൾ ഭക്ഷണമാക്കുകയായിരുന്നു ആന. ട്രെയിൻ വന്നിട്ടും ട്രാക്കിൽനിന്ന് മാറാൻ ആന കൂട്ടാക്കിയില്ല. ട്രെയിനിന് വേഗത കുറവായിരുന്നതും ദൂരെവെച്ചുതന്നെ ആനയെ കണ്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതും മൂലം വൻ അപകടം ഒഴിവായി. ഏകദേശം 15 മിനിറ്റ് ട്രാക്കിൽ തുടർന്ന ആന, ലോക്കോ പൈലറ്റ് തുടർച്ചയായി ഹോൺ മുഴക്കിയതോടെ വനത്തിലേക്ക് മടങ്ങി.



