വധശ്രമക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളെ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു…വി.കെ. നിഷാദിനെ ശിക്ഷിച്ചത് 20 വർഷത്തേക്ക്..

പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷ അനുഭവിക്കുന്ന വി.കെ. നിഷാദിനെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. തലശ്ശേരിയിൽ രണ്ട് ദിവസമായി നടന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ടി.സി.വി. നന്ദകുമാറിനെ പയ്യന്നൂർ ബ്ലോക്ക് ട്രഷററായും സംഘടന നേരത്തെ തെരഞ്ഞെടുത്തിരുന്നു. ഇരുവർക്കും 20 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലേക്ക് വിജയിച്ചെങ്കിലും വിധി വന്നതിനെ തുടർന്ന് ജയിലിലായതിനാൽ നിഷാദിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കാൻ കഴിഞ്ഞിരുന്നില്ല. നാമനിർദേശപത്രിക സമർപ്പിച്ച ശേഷം പ്രചാരണം ആരംഭിക്കുന്നതിന് മുമ്പാണ് കോടതി ശിക്ഷ വിധിച്ചത്. തുടർന്ന് നിഷാദിന്റെ ചിത്രമുപയോഗിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ശിക്ഷയ്ക്കിടെ പലതവണ നിഷാദിന് പരോൾ അനുവദിച്ചതും വിവാദമായിരുന്നു.
നന്ദകുമാറിനെ ബ്ലോക്ക് ട്രഷററാക്കിയതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ ഡിവൈഎഫ്ഐ നേരത്തെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയപ്രേരിതമായി ചുമത്തിയ കേസിലാണ് നിഷാദും നന്ദകുമാറും ശിക്ഷ അനുഭവിക്കുന്നതെന്നും വിചാരണക്കോടതിയുടെ വിധിക്കെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായി ചുമത്തപ്പെടുന്ന കേസുകളിൽ പ്രതികളാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെ സംഘടനയിൽനിന്ന് മാറ്റിനിർത്തുന്ന നിലപാട് ഡിവൈഎഫ്ഐക്കില്ലെന്നും വിശദീകരണത്തിൽ പറഞ്ഞിരുന്നു.



