മാവേലിക്കരയിൽ വാഹന അപകടം… വിദ്യാർത്ഥിക്ക് ദാരുണാന്ത്യം… അപകടം ഇന്ന് രാവിലെ…

മാവേലിക്കര : വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ഒരു വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. പല്ലാരിമംഗലം സൗപർണികയിൽ, തിരുവോണം ട്രേഡേഴ്സ് ഉടമ ശാന്തകുമാറിന്റെയും രാജിയുടെയും മകൻ ആദർശ് (കിച്ചു-23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ ആദിദേവ് പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും വിക്രം സാരാഭായി ഐടിഐ വിദ്യാർത്ഥികളാണ്. ഐടിഐയിലേക്ക് പോകുമ്പോളാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ എട്ടരയോടെ മാവേലിക്കര കെഎസ്ഇബി ഓഫീസിന് സമീപം സെവൻത് ഡേ റോഡിലേക്ക് തിരിയുന്നിടത്താണ് അപകടം സംഭവിച്ചത്. മുന്നിൽ പോയ സ്കൂട്ടർ റെയിൽവേ റോഡിലേക്ക് തിരിഞ്ഞപ്പോൾ പിന്നാലെ വന്ന ബൈക്ക് സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചുപോയ ആദർശ് ഓടയുടെ സ്ലാബിൽ തലയടിച്ചു വീഴുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആദർശനെ തട്ടാരമ്പലം വി.എസ്.എം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇവിടെയെത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിൽ ബി.എസ്.സി നേഴ്സിങ് പഠനം നടത്തുന്ന ശ്യാമയാണ് ആദർശിന്റെ ഏക സഹോദരി.

Related Articles

Back to top button