ഒരു പൂച്ച കാവൽ നിന്നു, മറ്റേ പൂച്ച വീട്ടുകാരിയെ വിളിച്ചുകൊണ്ടുവന്നു…. മൂർഖൻ പാമ്പിൽ നിന്നും ഉടമയെ രക്ഷിച്ച് വളർത്തുപൂച്ചകൾ

കോഴിക്കോട്: വിഷപ്പാമ്പുകളിൽ വെച്ച് ഏറ്റവും അപകടകാരിയായ മൂർഖൻ പാമ്പിൽ നിന്നും വീട്ടുകാരെ അത്ഭുതകരമായി രക്ഷിച്ച് വളർത്തുപൂച്ചകൾ. കോഴിക്കോട് വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിലാണ് വളർത്തു മൃഗങ്ങളുടെ കൃത്യമായ ഇടപെടൽ കാരണം വലിയൊരു ദുരന്തം ഒഴിവായത്. വീടിന്റെ അടുക്കളയിൽ കയറിയ മൂർഖൻ പാമ്പിനെയാണ് രണ്ടു വളർത്തുപൂച്ചകൾ ചേർന്ന് തന്ത്രപരമായി പിടികൂടിയത്. സുനിത വസ്ത്രങ്ങൾ അലക്കുന്നതിനായി വീടിന് പുറത്തിറങ്ങിയ സമയത്താണ് സംഭവം. വീട്ടിൽ ആളനക്കമില്ലാത്തതു കണ്ട കൂറ്റൻ മൂർഖൻ പാമ്പ് അടുക്കള ഭാഗത്തേക്ക് ഇഴഞ്ഞു കയറുകയും ഗ്യാസ് സിലിണ്ടറിന് സമീപം നിലയുറപ്പിക്കുകയുമായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടിലെ രണ്ട് വളർത്തുപൂച്ചകൾ പാമ്പിനെ വിടാതെ പിന്തുടർന്നു.

പാമ്പ് അടുക്കളയിൽ ഒളിച്ചതോടെ പൂച്ചകൾ തങ്ങളുടെ ബുദ്ധിപരമായ നീക്കം ആരംഭിച്ചു. ഒരു പൂച്ച പാമ്പ് ഇരിക്കുന്ന സ്ഥലത്ത് നിന്ന് ഒരടി പോലും മാറാതെ അതിനെ കൃത്യമായി നിരീക്ഷിച്ച് കാവൽ നിന്നു. ഈ സമയം രണ്ടാമത്തെ പൂച്ച പുറത്ത് അലക്കിക്കൊണ്ടിരുന്ന സുനിതയുടെ അടുത്തെത്തി അസ്വാഭാവികമായ രീതിയിൽ ശബ്ദമുണ്ടാക്കാനും പെരുമാറാനും തുടങ്ങി. പൂച്ചയുടെ ഈ വിചിത്രമായ പെരുമാറ്റത്തിൽ സംശയം തോന്നിയ സുനിത അടുക്കളയിലേക്ക് വന്ന് പരിശോധിച്ചപ്പോഴാണ് ഗ്യാസ് സിലിണ്ടറിന് സമീപം പത്തി വിടർത്തി നിൽക്കുന്ന വലിയ മൂർഖൻ പാമ്പിനെ കണ്ടത്. ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ അയൽവാസികളെയും വാർഡ് മെമ്പറെയും വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് വിവരമറിഞ്ഞ് സ്നേക്ക് റെസ്ക്യൂവർ ആയ മുതുവന സ്വദേശി അമീർ സ്ഥലത്തെത്തുകയും വനം വകുപ്പിന്റെ ആർആർടി സംഘത്തിന്റെ സഹായത്തോടെ പാമ്പിനെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു. സമയത്തിന് പൂച്ചകൾ പാമ്പിനെ കണ്ടുപിടിക്കുകയും ഉടമയ്ക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുകയും ചെയ്തതു കൊണ്ടാണ് വലിയൊരു അപകടത്തിൽ നിന്നും ഈ കുടുംബം രക്ഷപ്പെട്ടത്. സ്വന്തം ജീവൻ പണയം വെച്ചും തങ്ങളെ കാത്ത വളർത്തുപൂച്ചകൾക്ക് കൈയടിക്കുകയാണ് ഇപ്പോൾ നാട്ടുകാർ.

Related Articles

Back to top button