വിവാഹത്തട്ടിപ്പ്….39കാരനും ബന്ധുവും പിടിയിൽ….

കൊല്ലം: രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് മറ്റൊരു യുവതിയെ വീണ്ടും വിവാഹം കഴിച്ച കല്യാണരാമനും സഹായിയും പിടിയിൽ. കൊല്ലം കണ്ണനല്ലൂർ സ്വദേശി റെജി (39), ബന്ധുവിന്റെ വേഷത്തിൽ എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയോടെ കുന്നത്തൂരിലുള്ള യുവതിയുടെ വീടിനു സമീപത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്. ജോബിൻ എന്ന വ്യാജ പേരിലാണ് പുതിയ വരനായി എത്തിയത്. മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ചിട്ടുള്ള ഇയ്യാൾക്ക് ആ ബന്ധങ്ങളിൽ നാല് മക്കളുമുണ്ട്. കണ്ണനല്ലൂർ നല്ലില സ്വദേശികളായ യുവതികളാണ് മുമ്പ് വിവാഹ തട്ടിപ്പിന് ഇരയായത്. ഇയാൾ മൂന്നാമത് വീണ്ടും വിവാഹം കഴിച്ചതറിഞ്ഞതോടെ ആദ്യ ഭാര്യമാരിൽ ഒരാൾ കുന്നത്തൂരിൽ അന്വേഷണം നടത്തി.

തുടർന്ന് ശാസ്‌താംകോട്ട പൊലീസിൽ പരാതിയും നൽകി. കഴിഞ്ഞ ഞായറാഴ്ച കുന്നത്തൂർ സ്വദേശിനിയുമായുള്ള വിവാഹം ആർഭാടപൂർവ്വമായിരുന്നു നടന്നത്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ സഹപ്രവർത്തകരായിരുന്നു ഇരുവരും. സൗഹൃദം പ്രണയമായി ഒടുവിൽ വിവാഹത്തിൽ കലാശിക്കുകയായിരുന്നു. രണ്ടുപേരും രണ്ടു സമുദായം ആയതിനാൽ വീട്ടുകാർ സഹകരിക്കില്ലെന്ന് യുവതിയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചു. വിവാഹത്തിൻ്റെ പിറ്റേ ദിവസം രണ്ടാം ഭാര്യ മക്കളുമായി ഇയാളെ തേടിയെത്തിയതോടെ കള്ളി പൊളിഞ്ഞു. വ്യാജ പേരും മേൽവിലാസവും നൽകിയായിരുന്നു വിവാഹമെന്ന് നാട്ടുകാരിൽ നിന്നും അറിഞ്ഞു. പരാതി നൽകിയതോട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവാഹ തട്ടിപ്പുകൾ പുറത്തുവന്നത്.

Related Articles

Back to top button