മൂന്ന് ഇരുമ്പുപെട്ടികൾ, കണ്ടാൽ അലങ്കാരവസ്തു… തുറന്നപ്പോൾ…

കൊച്ചി: പോലീസിന്റെയും എക്സൈസിന്റെയും പരിശോധന കർശനമായതോടെ ലഹരിക്കടത്തിന് പുതിയ മാർഗങ്ങൾ തേടി ലഹരി മാഫിയ. ഇരുമ്പുപെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 20 കിലോഗ്രാമിലധികം കഞ്ചാവ് കൊച്ചിയിൽ പിടികൂടി. സംഭവത്തിൽ പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശി സുഖ്ചന്ദ് സേഖിനെ കൊച്ചി സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും പെട്ടികളിൽ നിന്ന് കഞ്ചാവ് മുഴുവൻ പുറത്തെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
ഉള്ളിൽ കഞ്ചാവാണെന്ന് പുറമേനിന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ഒരു മീറ്റർ നീളമുള്ള മൂന്ന് ഇരുമ്പുപെട്ടികളിലാണ് ലഹരിമരുന്ന് നിറച്ചിരുന്നത്. പെട്ടികളുടെ മൂടി വെൽഡ് ചെയ്ത് അടച്ചശേഷം ഇവ ഒരു ചാക്കിലാക്കി സാധാരണ യാത്രക്കാരനെപ്പോലെ പ്രതി യാത്ര ചെയ്യുകയായിരുന്നു. എളൂരിൽവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് കിലോയ്ക്ക് അഞ്ചിരട്ടി വരെ ലാഭത്തിൽ വിൽക്കുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് പറയുന്നു. കർണാടകയിൽവെച്ച് പ്രത്യേകമായി നിർമിച്ച ഇരുമ്പുപെട്ടികളിൽ കഞ്ചാവ് നിറച്ചശേഷം അന്തർസംസ്ഥാന ബസ് മാർഗം കൊച്ചിയിലെത്തിക്കുകയായിരുന്നു.
അലങ്കാരപ്പണികൾക്കുള്ള വസ്തുവാണെന്നാണ് പെട്ടികളെക്കുറിച്ച് ബസ് ജീവനക്കാരോടും അവ കയറ്റാൻ സഹായിച്ചവരോടും പ്രതി പറഞ്ഞിരുന്നത്. എളൂരിൽ ബസിറങ്ങി അടുത്ത സ്ഥലത്തേക്ക് പോകാൻ കാത്തുനിൽക്കുന്നതിനിടെയാണ് നർകോട്ടിക് സെൽ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. പെട്ടികളുടെ മൂടി തുറക്കാൻ കട്ടർ ഉപയോഗിച്ച് മുറിക്കുകയും ചുറ്റികകൊണ്ട് അടിക്കുകയും ഉൾപ്പെടെ ഏറെ നേരം പരിശ്രമിക്കേണ്ടിവന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഓരോ പെട്ടിയും തുറക്കാനായത്. കുറച്ചുനാളായി പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.




