തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുതേനീച്ചയുടെ ആക്രമണം… 19 പേർക്ക് കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുതേനീച്ചയുടെ കൂട്ടത്തോടെയുള്ള ആക്രമണം. തേനീച്ചയുടെ കുത്തേറ്റ 19 തൊഴിലാളികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി അറിയിച്ചു. വെങ്ങാനൂർ അംബേദ്കർ ഗ്രാമം വാർഡിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ രാവിലെ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നവർക്കാണ് കുത്തേറ്റത്.

നാല് പുരുഷന്മാർ ഉൾപ്പെടെ 37 ഓളം പേർ സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നു. ഉണങ്ങിയ വാഴയിലകൾ വെട്ടിമാറ്റുന്നതിനിടെയാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. ആക്രമണത്തിൽ 19 പേർക്ക് കുത്തേറ്റപ്പോൾ മറ്റുള്ളവർ ചിതറിയോടി രക്ഷപ്പെട്ടു. പനങ്ങോട് സ്വദേശി മോഹനൻ നായർ (65), ജ്വല (59), ജലജ (55), വസന്ത (70), ചന്ദ്രൻ (69) എന്നിവർക്കാണ് സാരമായി കുത്തേറ്റത്. ഇവരെയും മറ്റ് തൊഴിലാളികളെയും വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. സമീപപ്രദേശത്ത് തേൻ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നെന്നും അവിടെനിന്നാകാം തേനീച്ചകൾ എത്തിയതെന്നുമാണ് നാട്ടുകാരുടെ സംശയം. എന്നാൽ ആക്രമണത്തിന്റെ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Back to top button