ഗവൺമെൻ്റ് പ്ലീഡർ നിയമനം….മുഖ്യമന്ത്രി വി ഡി സതീശനെ തള്ളി ലോയേഴ്സ് കോൺഗ്രസ്

കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം എന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ലോയേഴ്സ് കോൺഗ്രസ്. വിവാദ നിയമനങ്ങൾ നിർദ്ദേശിച്ചത് സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായരാണെന്നും പട്ടികയിൽ ഇല്ലാത്ത പേരുകൾ നിർദ്ദേശിച്ചിട്ട് പഴി ലോയേഴ്സ് കോൺഗ്രസിനാണെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. വഴിവിട്ട നിയമങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും ലോയേഴ്സ് കോൺഗ്രസ് കുറ്റപ്പെടുത്തി.
ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയ്ക്ക് ശരിയായ പരിഗണന നൽകിയില്ലെന്നും വിമർശനമുണ്ട്. നിയമനം നേടിയ യുഡിഎഫ് അനുഭാവികൾ അല്ലാത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും ലോയേഴ്സ് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ഗവൺമെൻ്റ് പ്ലീഡർ നിയമനം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ നിരന്തരം ശ്രമിച്ചു. കൂടിക്കാഴ്ചയ്ക്ക് നിരന്തരം അവസരം നിഷേധിച്ചു എന്നും ലോയേഴ്സ് കോൺഗ്രസ് കുറ്റപ്പെടുത്തി. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. പികെ റഹ്മാനാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്.



