ധീരജ് വധക്കേസ്…. “അവർ നിരപരാധികളാണ്”… പ്രതി നിഖിൽ പൈലിയെ ഡിസിസിയിൽ എടുത്തതിൽ ന്യായീകരണവുമായി കോൺഗ്രസ്

ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കിയ നടപടിയെ ന്യായീകരിച്ച് കോൺഗ്രസ്. നിഖിൽ പൈലി ഉൾപ്പെടെ കേസിൽ നിലവിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവർ നിരപരാധികളാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. ധീരജ് വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികൾ നിരപരാധികളാണെന്ന കാര്യം കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് നിഖിൽ പൈലിയെ ഡിസിസിയിലേക്ക് നാമനിർദ്ദേശം ചെയ്തത്. പാർട്ടിയുടെ കമ്മിറ്റിയിലേക്ക് ആരെ നാമനിർദ്ദേശം ചെയ്യണമെന്ന് സിപിഐഎം പറയേണ്ട ആവശ്യമില്ലെന്നും, കൊലക്കേസ് പ്രതികളെ വരെ ജനപ്രതിനിധികളാക്കിയ ചരിത്രമാണ് സിപിഐഎമ്മിനുള്ളതെന്നും സി.പി. മാത്യു വിമർശിച്ചു. നിഖിൽ പൈലിക്ക് പുറമെ മജോ കാരിമുട്ടം, ജോയി വടക്കേടം, വർക്കി ആലയ്ക്കാപ്പറമ്പിൽ, ജോർജ് ജോസഫ് എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തത്.
അതേസമയം, കോൺഗ്രസിന്റെ ഈ നടപടിക്കെതിരെ കടുത്ത അമർഷവും വൈകാരികവുമായ പ്രതികരണവുമായി ധീരജിന്റെ പിതാവ് രാജേന്ദ്രൻ രംഗത്തെത്തി. കോൺഗ്രസിൽ നിന്ന് ഇത്രയും നീചമായ ഒരു പ്രവർത്തി താൻ പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊലയാളികൾ പൊതുസമൂഹത്തിൽ യാതൊരു മടിയുമില്ലാതെ വിലസി നടക്കുകയാണ്. കേസിന്റെ വിചാരണ നടപടികൾ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന് സംശയമുണ്ട്. നിലവിലെ നടപടിക്രമങ്ങളിൽ കടുത്ത ആശങ്കയുണ്ട്. ഒരു കോൺഗ്രസ് അനുഭാവിയായിരുന്നിട്ടും തന്നെ ഇതുവരെ ആശ്വസിപ്പിക്കാൻ ഒരു കോൺഗ്രസ് നേതാവ് പോലും തയ്യാറായിട്ടില്ല. താൻ വോട്ട് ചെയ്ത് വിജയിപ്പിച്ച കെ. സുധാകരൻ പോലും തന്നെ വിളിച്ചില്ല. ഇനി കോടതിയിൽ മാത്രമാണ് തനിക്ക് പ്രതീക്ഷയെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
2022 ജനുവരി 10-നായിരുന്നു ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രൻ ക്യാമ്പസിനകത്ത് വെച്ച് കൊല്ലപ്പെടുന്നത്. ധീരജ് കൊല ചെയ്യപ്പെടുമ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു നിഖിൽ പൈലി. ധീരജിന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത് നിഖിൽ പൈലിയാണെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ നിഖിൽ പൈലി നിലവിൽ ജാമ്യത്തിൽ കഴിയുകയാണ്. പ്രതിയെ പാർട്ടി പദവി നൽകി ആദരിച്ച കോൺഗ്രസ് നീക്കം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.



