സ്കൈ ഡൈവിങ്ങിനിടെ പാരച്യൂട്ട് തകർന്ന് 28-കാരനായ യുവാവിന്…

അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ മണി ചന്ദ്ര തേജ ഗദ്ദാം (28) ആണ് മരിച്ചത്. സ്കൈ ഡൈവിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് 30 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മസാച്യുസെറ്റ്സിലെ ഓറഞ്ച് ടൗണിലുള്ള പ്രമുഖ സ്കൈ ഡൈവിങ് സ്ഥാപനമായ ‘ജംപ്ടൗൺ സ്കൈ ഡൈവിങ്’ നടത്തിയ പരിപാടിക്കിടെയായിരുന്നു അപകടം. ലാൻഡിങ്ങിനിടെ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ പാരച്യൂട്ടിന്റെ പ്രവർത്തനത്തിന് തടസ്സം നേരിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ മണിയെ ഉടൻ തന്നെ അതോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസ് ഡിറ്റക്ടീവും ക്രൈം സീൻ സർവീസസും ഓറഞ്ച് പോലീസും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്. യുവാവിന്റെ മരണത്തിൽ അതീവ ദുഖമുണ്ടെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ജംപ്ടൗൺ സ്കൈ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവർ വ്യക്തമാക്കി. അപകടം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ചിരകാല സ്വപ്നമായ സ്കൈ ഡൈവിങ്ങിനുള്ള യുഎസ്പിഎ എ-ലൈസൻസ് താൻ സ്വന്തമാക്കിയ വിവരം മണി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നത്. മണി അടുത്ത കാലത്താണ് സ്കൈ ഡൈവിങ്ങിൽ ലൈസൻസ് നേടിയതെന്ന് കുടുംബവും സ്ഥിരീകരിച്ചു. ബോസ്റ്റണിൽ താമസക്കാരനായിരുന്ന മണി, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കി ജോലി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മരണം കവർന്നത്.



