ഹോർമുസ് കടലിടുക്കിലെ ചരക്കുകപ്പലുകൾക്കുള്ള ടോൾ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി…

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം ടോൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറി. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ നിർണായക ചർച്ചകളെ തുടർന്നാണ് ട്രംപിന്റെ ഈ പിന്മാറ്റം. യുഎസിന്റെ 20 ശതമാനം റീഇംബേഴ്സ്മെന്റ് ഫീസിന് പകരം, വിവിധ ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിൽ ചരിത്രപരമായ വ്യാപാര – നിക്ഷേപ കരാറുകളിൽ ഏർപ്പെടാൻ തീരുമാനിച്ചതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി.
മധ്യപൂർവേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും, പകരമായി അതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ നിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഗൾഫ് നേതാക്കളുമായി നടത്തിയ ഫലപ്രദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പുതിയ നിക്ഷേപങ്ങൾ വളരെ വലുതായിരിക്കുമെന്നും ഇത് ഗൾഫ് രാജ്യങ്ങൾക്ക് അസാധാരണമാംവിധം നല്ലതായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഇപ്പോൾ ഇറാൻ ഒഴികെയുള്ള മറ്റെല്ലാ കപ്പൽ ഗതാഗതത്തിനുമായി തുറന്നു കൊടുത്തിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. കള്ളം നിറഞ്ഞതും അക്രമാസക്തവും വിദ്വേഷം നിറഞ്ഞതുമായ നേതൃത്വം കാരണമാണ് ഇറാനെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. അവർ തങ്ങളുടെ രാജ്യത്തെ സമ്പൂർണ നാശത്തിന്റെ പാതയിലേക്കാണ് നയിക്കുന്നത്. അതിനാൽ, ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ളതോ അല്ലെങ്കിൽ ഇറാനിയൻ ചരക്കുകളുമായി ബന്ധപ്പെട്ടതോ ആയ കപ്പലുകൾക്ക് പൂർണ ഉപരോധം ഏർപ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചു.
ചരിത്രത്തിൽ മറ്റേതൊരു രാജ്യത്തെക്കാളും വലിയ ഡോളർ നിക്ഷേപമാണ് നിലവിൽ അമേരിക്കയിലുള്ളത്. പുതിയ കരാറുകൾ വഴി ഫാക്ടറികളും പ്ലാന്റുകളും ഉപകരണങ്ങളും ചരിത്രപരമായ രീതിയിൽ അമേരിക്കയിലേക്ക് ഒഴുകിയെത്തും. ഇത് ദശലക്ഷക്കണക്കിന് ഉയർന്ന ശമ്പളമുള്ള അമേരിക്കൻ ജോലികൾ കൂടി സൃഷ്ടിക്കാൻ സഹായിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകളെ ഇറാൻ കൊന്നൊടുക്കുന്ന നാളുകൾ അവസാനിച്ചിരിക്കുകയാണെന്നും ഇറാന് ഒരിക്കലും ആണവായുധം നിർമ്മിക്കാൻ ആകില്ലെന്നും ട്രംപ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.



