ചില്ലിചിക്കനൊപ്പം നൽകിയ നാരങ്ങയിൽ… തൃശ്ശൂരിൽ ഹോട്ടൽ…

തൃശ്ശൂർ: ചില്ലി ചിക്കനൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞുപോയതിനെച്ചൊല്ലി തൃശ്ശൂരിൽ വൻ സംഘർഷം. വടക്കാഞ്ചേരി മിണാലൂരിലെ ‘സെലക്റ്റ്’ ഹോട്ടലിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംഘർഷത്തിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും, തർക്കം ചോദ്യം ചെയ്യാനെത്തിയവർക്കും പരുക്കേറ്റു. ആക്രമണത്തിൽ ഹോട്ടൽ ഉടമയായ മുജീബ് (38) ന്റെ മൂന്ന് പല്ലുകളാണ് നഷ്ടപ്പെട്ടത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ തങ്ങൾ ഓർഡർ ചെയ്ത ചില്ലിചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യത്തിന് നീരില്ല എന്ന് പറഞ്ഞ് ബഹളം തുടങ്ങിയതാണ് എല്ലാറ്റിന്റെയും തുടക്കം. തുടർന്ന് ഹോട്ടലുടമയായ മുജീബ് ഇടപെട്ട് തർക്കം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും യുവാക്കൾ താല്ക്കാലികമായി അവിടെ നിന്നും മടങ്ങുകയായിരുന്നു. എന്നാൽ, പിന്നീട് ഏഴംഗ സംഘമായി മാരകായുധങ്ങളുമായി തിരിച്ചെത്തി ഇവർ ഹോട്ടലിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹോട്ടലുടമ പരാതിപ്പെടുന്നു. ക്രിക്കറ്റ് ബാറ്റ്, വടികൾ ഉൾപ്പെടെയുള്ളവയുമായെത്തിയാണ് സംഘം ഹോട്ടൽ ജീവനക്കാരെയും ഉടമയെയും ക്രൂരമായി മർദ്ദിച്ചത്. അതേസമയം, ഹോട്ടലിലുണ്ടായിരുന്ന ചട്ടുകവും തവികളും ഉപയോഗിച്ച് തങ്ങളെയും മർദ്ദിച്ചതായി ഭക്ഷണം കഴിക്കാൻ എത്തിയവർ വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button