‘മുന്നൂറോളം വരുന്ന കുടുംബാംഗങ്ങളിൽ ഒരാൾ മാത്രം, നിലപാട് വ്യക്തിപരം’

ശബരിമലയിലെ തന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആചാരങ്ങളിലും ഉടമസ്ഥാവകാശങ്ങളിലും രാജരാജവർമ്മ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ പന്തളം കൊട്ടാരത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം. കൊട്ടാരം കുടുംബാംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടുകൾ മാത്രമാണ് അവയെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

പന്തളം കൊട്ടാരത്തിന്റെ പൊതുവായ നിലപാടുകൾ ഔദ്യോഗികമായി അറിയിക്കാൻ ചുമതലപ്പെട്ടിട്ടുള്ളത് പന്തളം കൊട്ടാരം വലിയതമ്പുരാനും കൊട്ടാരം കുടുംബാംഗങ്ങളുടെ സംഘടനയായ കൊട്ടാരം നിർവ്വാഹക സംഘവും മാത്രമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. കൊട്ടാരത്തിലെ മുന്നൂറോളം വരുന്ന കുടുംബാംഗങ്ങളിൽ ഒരാൾ മാത്രമാണ് രാജരാജവർമ്മ. അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ വെറും വ്യക്തിപരമായ അഭിപ്രായങ്ങളായി മാത്രം കണ്ടാൽ മതിയെന്നും നിർവ്വാഹക സംഘം വ്യക്തമാക്കി. പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പ്രദീപ് കുമാർ വർമ്മ, സെക്രട്ടറി സുരേഷ് വർമ്മ എന്നിവരാണ് പത്രക്കുറിപ്പിലൂടെ കൊട്ടാരത്തിന്റെ ഔദ്യോഗിക നിലപാട് വിശദീകരിച്ചത്.

Related Articles

Back to top button