‘സ്പോൺസറെ വേണമെന്ന് ആവശ്യപ്പെട്ടത് ശ്വേതാ മേനോൻ, പരസ്യം നൽകിയതിൽ എന്താണ് തെറ്റ്?’…. ‘അമ്മ’ വിവാദത്തിൽ വെണ്ണല ക്ഷേത്രക്കമ്മിറ്റി ചെയർമാൻ

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ നിന്ന് സ്‌പോൺസർഷിപ്പ് സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരുത്തി വെണ്ണല ക്ഷേത്രക്കമ്മിറ്റി ചെയർമാൻ ദല്ലാൾ നന്ദകുമാർ. ‘അമ്മ’യുടെ കുടുംബസംഗമം നടത്തുന്നതിനായി ഒരു സ്‌പോൺസറെ വേണമെന്ന് സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനാണ് ആവശ്യപ്പെട്ടതെന്ന് നന്ദകുമാർ വെളിപ്പെടുത്തി. മൊത്തം 75 ലക്ഷം രൂപയ്ക്കായിരുന്നു സ്പോൺസർഷിപ്പ് കരാർ ഉറപ്പിച്ചത്. ഇതിൽ 30 ലക്ഷം രൂപ ഇതിനകം തന്നെ ‘അമ്മ’യ്ക്ക് കൈമാറിക്കഴിഞ്ഞു. ബാക്കി തുക നൽകുന്നതിൽ യാതൊരു തർക്കവുമില്ലെന്നും കൃത്യമായ ബില്ല് കിട്ടാൻ വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും മെയ് 31-നകം ബാക്കി തുക നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ശ്വേതാ മേനോൻ അമ്പലത്തിൽ വന്നപ്പോഴാണ് കുടുംബസംഗമത്തിന് സ്പോൺസറെ വേണമെന്ന കാര്യം പറയുന്നത്. ക്ഷേത്രം സ്പോൺസർഷിപ്പ് ഏറ്റെടുക്കാമോ എന്ന് താൻ ചോദിച്ചപ്പോൾ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ സംസാരിച്ചിട്ട് പറയാമെന്ന് ശ്വേത അറിയിച്ചു. നല്ലൊരു തുക കിട്ടിയാൽ അത് സംഘടനയുടെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്ന് അവർ പറഞ്ഞിരുന്നു. കരാറിന്റെ ഭാഗമായി പരസ്യം നൽകിയിട്ടുണ്ട്. അതിൽ എന്താണ് തെറ്റുള്ളത്? പണ്ട് സെൻകുമാർ ഡിജിപി ആയിരുന്ന കാലത്ത് കെഎസ്ആർടിസി ബസുകളിൽ ദേവാലയങ്ങളുടെ പരസ്യം അനുവദിച്ചിരുന്നില്ല. എന്നാൽ ആദ്യമായി ബസുകളിൽ പരസ്യം ചെയ്തത് ഞങ്ങളാണ്. ഇപ്പോൾ എല്ലാ ബസുകളിലും ദേവാലയങ്ങളുടെ പരസ്യമുണ്ട്. വെണ്ണല ക്ഷേത്രത്തിൽ യാതൊരുവിധ ജാതി പരിഗണനയുമില്ല. നടി അൻസിബ ഹസനും റസൂൽ പൂക്കുട്ടിയുമെല്ലാം മുൻപ് ഈ ക്ഷേത്രത്തിലെ പരിപാടികൾക്ക് വന്നിട്ടുള്ളവരാണ്.

‘അമ്മ’ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ തങ്ങൾ നോക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ നന്ദകുമാർ, ഈ സ്പോൺസർഷിപ്പിനെ നടി അൻസിബ എതിർത്ത കാര്യം അറിഞ്ഞിരുന്നതായും പറഞ്ഞു. കഴിഞ്ഞ മെയ് രണ്ടിന് അൻസിബ വെണ്ണല ക്ഷേത്രത്തിലേക്ക് ഒരു സർപ്രൈസ് സന്ദർശനം നടത്തിയിരുന്നു. അന്ന് നേരിൽ കണ്ടപ്പോൾ എന്തിനാണ് സ്പോൺസർഷിപ്പിനെ എതിർത്തതെന്ന് താൻ ചോദിച്ചിരുന്നു. എന്നാൽ അത് സംഘടനയ്ക്കുള്ളിലെ തികച്ചും വ്യക്തിപരമായ കാര്യമാണെന്നായിരുന്നു അൻസിബ നൽകിയ മറുപടിയെന്നും ദല്ലാൾ നന്ദകുമാർ കൂട്ടിച്ചേർത്തു.

Related Articles

Back to top button