പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടി…. 30,845 ഉദ്യോഗാർത്ഥികൾക്ക് നിർണായക വഴിത്തിരിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി നിർണ്ണായക തീരുമാനം. വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ പി.എസ്.സി യോഗം അംഗീകരിച്ചു. ഇതനുസരിച്ച് മെയ് 25 നും ഓഗസ്റ്റ് 31 നും ഇടയിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടി നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഈ പുതിയ തീരുമാനത്തിലൂടെ 289 റാങ്ക് ലിസ്റ്റുകൾക്കാണ് അധിക കാലാവധി ലഭിക്കുന്നത്. സംസ്ഥാനത്തെ 30,845 ഉദ്യോഗാർത്ഥികൾക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യുന്നതാണ് ഈ ഉത്തരവ്.
കഴിഞ്ഞ മാസങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകളിൽ നിന്ന് കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഈ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭ ശുപാർശ നൽകിയതും പി.എസ്.സി അത് അംഗീകരിച്ചതും. വിവിധ വിഷയങ്ങളിലെ കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ, പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്. ഫിഷറീസ് വകുപ്പിലെ ഫിഷറീസ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള സംസ്ഥാനതല റാങ്ക് പട്ടികകൾ, സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങിയ ചില ജില്ലാതല റാങ്ക് പട്ടികകൾ എന്നിവയ്ക്കെല്ലാം ഈ അധിക കാലാവധിയുടെ ആനുകൂല്യം ലഭിക്കും.
നിയമനം നടക്കാത്തതിന്റെ പേരിൽ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്ന നടപടിയോട് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശക്തമായി വിയോജിച്ചിരുന്നു. എന്നാൽ പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ മുൻ സർക്കാരിന്റെ നിലപാട് തിരുത്തി ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.



