അരിയിൽ ഷുക്കൂർ വധക്കേസ്: അപ്പീൽ വേണമെന്ന് പിഎംഎ സലാം… കാത്തിരിക്കണമെന്ന്….

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും. കേസിൽ അപ്പീൽ പോകേണ്ട സാഹചര്യമുണ്ടെന്നാണ് പിഎംഎ സലാമിന്റെ പ്രതികരണം. അതേസമയം, കോടതിയുടെ കണ്ടെത്തലിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് അപ്പീൽ നൽകാമെന്നും ഇക്കാര്യത്തിൽ പ്രോസിക്യൂഷനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കോടതി വിധിയുടെ പകർപ്പ് ലഭിച്ചാൽ മാത്രമേ അന്വേഷണത്തിൽ വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് വിലയിരുത്താൻ കഴിയൂവെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. ഗൂഢാലോചന പൂർണമായി തെളിയിക്കാൻ കഴിഞ്ഞില്ല എന്നതാണ് കോടതിയുടെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. അതേസമയം, സിപിഎം നേതാക്കൾ കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചിട്ടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. ഇവർക്കെതിരായ തെളിവുകൾ കോടതിയിൽ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് സംഭവിച്ചത്. കുറ്റക്കാരല്ലാത്തതുകൊണ്ടല്ല, തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതുകൊണ്ടാണ് ശിക്ഷ ലഭിക്കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. സാക്ഷികൾക്ക് നേരെ ഭീഷണിയുണ്ടായെന്നും സലാം പറഞ്ഞു.

ആദ്യഘട്ട അന്വേഷണം കുറ്റമറ്റതായിരുന്നില്ലെന്നും അതുകൊണ്ടാണ് നിയമപോരാട്ടത്തിലൂടെ സിബിഐ അന്വേഷണം നേടിയെടുത്തതെന്നും പിഎംഎ സലാം വ്യക്തമാക്കി. കേസിൽ 13 പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കളും സിപിഎം നേതാക്കളുടെ മക്കളും പ്രതിപ്പട്ടികയിലുണ്ടെന്നും കോടതി വിധിയിലൂടെ സിപിഎം ബന്ധം വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ അപ്പീൽ നൽകേണ്ടിവരുമെന്നും രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കരുതെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.

Related Articles

Back to top button