മെസ്സി തട്ടിപ്പ്… മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ഉത്തരവ്

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ഉത്തരവ്. ഗവർണറുടെ അനുമതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പാണ് നടപടി സ്വീകരിച്ചത്. യു. ഷറഫലിയെയും സത്യപാലനെയും കേസിൽ പ്രതി ചേർക്കും. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തന്നെയാകും കേസ് അന്വേഷിക്കുക. സ്പോൺസറെ വഴിവിട്ട് സഹായിക്കുകയും പദവി ദുരുപയോഗം ചെയ്യുകയും ചെയ്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
അതേസമയം, മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനെന്ന പേരിലുള്ള സാമ്പത്തിക ഇടപാടിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ജിഎസ്ടി ഇന്റലിജൻസ് നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന കമ്പനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി സ്പോൺസർ മുഖേന അർജന്റീന ഫുട്ബോൾ അസോസിയേഷന് കൈമാറിയ 126 കോടി രൂപയുടെ ഇടപാടിലാണ് ജിഎസ്ടി അന്വേഷണം. ഇതിൽ 26 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. രണ്ട് ധനകാര്യ സ്ഥാപനങ്ങൾ പണം നൽകിയതിലും സംശയമുണ്ടെന്ന് ജിഎസ്ടി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജിഎസ്ടി കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കമ്പനിയുടെ അക്കൗണ്ടിലെത്തിയ പണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും പ്രത്യേകസംഘം ശുപാർശ ചെയ്തിരുന്നു.



