അച്ഛന്റെ തട്ടുകട വീണ്ടും തുറന്ന് ഭദ്രകീർത്തിയും സഹോദരനും അമ്മയും…

കൊച്ചി: ചേരാനെല്ലൂർ ബെൻസ് വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം അച്ഛൻ നടത്തിയിരുന്ന തട്ടുകട വീണ്ടും തുറന്നു. മകൾ ഭദ്രകീർത്തിയും അമ്മ ബിന്ദുവും സഹോദരനും ചേർന്നാണ് ചിറ്റൂരിൽ കട തുറന്നത്. ഇന്ന് വൈകുന്നേരമായിരുന്നു തുടക്കം. അച്ഛൻ തട്ടുകട നടത്തിയിരുന്ന അതേ സ്ഥലത്താണ് കുടുംബം വീണ്ടും കട ആരംഭിച്ചത്. തട്ടുകട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജയബാലകൃഷ്ണനെ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് കൊലപ്പെടുത്തിയത്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു ഈ തട്ടുകട.
അതേസമയം, ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി വീണ്ടും കോടതിയിലെത്തി കേസുകൾ പരിഗണിച്ചു തുടങ്ങി. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്. അപകടത്തിന് കാരണമായ ബെൻസ് കാർ ഓടിച്ച 17കാരന്റെ പിതാവാണ് ജഡ്ജി. കേസിൽ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അപകടത്തിന് പിന്നാലെ ജഡ്ജി കോടതിയിൽ ഹാജരായിരുന്നില്ല. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് ജഡ്ജിയോട് കേസുകളിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് അയച്ചത്. അതിനിടെ, അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മക്കൾ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും അഡീഷണൽ സെഷൻസ് കോടതിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഹർജിയിൽ ആരോപിക്കുന്നു. പ്രതിയായ 17കാരന്റെ പിതാവ് ജുഡീഷ്യറിയുടെ ഭാഗമായതിനാൽ അധികാരമുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.



