കോഴിക്കോട് മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി; വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ അവസാന വർഷ പരീക്ഷയിൽ കൂട്ട കോപ്പിയടി നടന്ന സംഭവത്തിൽ നടപടി. വിദ്യാർഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. കഴിഞ്ഞ ജൂലൈയിൽ കേരള ആരോഗ്യ സർവകലാശാല നടത്തിയ എംബിബിഎസ് അവസാന വർഷ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കോപ്പിയടി നടന്നതായി കണ്ടെത്തിയത്. പിന്നാലെ വിദ്യാർഥികളിൽ നിന്നും അന്ന് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്കെതിരെയും സർവകലാശാലയുടെ അച്ചടക്ക സമിതി നേരിട്ടു വിളിച്ചു വരുത്തി തെളിവെടുത്തു.

അന്ന് ഇൻവിജിലേറ്റർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകരെ നേരിട്ടു ശാസിച്ചിരുന്നു. കുറ്റക്കാരെന്നു തെളിഞ്ഞ 25 വിദ്യാർഥികളുടെ ജനറൽ മെഡിസിൻ പരീക്ഷ അസാധുവാക്കി. അവർ അടുത്ത ചാൻസിൽ വീണ്ടും പരീക്ഷ എഴുതാൻ നിർദേശിച്ചിരുന്നു. അതുപ്രകാരം ഇവരുടെ തിയറി പരീക്ഷ കഴിഞ്ഞ ദിവസം നടന്നു. ക്ലിനിക്കൽ പരീക്ഷയുടെ തീയതി അടുത്ത ദിവസം നടക്കും.

അതേസമയം, മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പി അടിക്കാൻ ശ്രമിച്ച ഒരു വിദ്യാർഥിയെ ഒരു വർഷത്തേക്ക് ഡീ ബാർ ചെയ്തു. ശിക്ഷാവിധി വന്നിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതർ പൊതുസമൂഹത്തിൽനിന്നു വിവരങ്ങൾ മറച്ചു വയ്ക്കുകയായിരുന്നു. വർഷങ്ങളായി രാഷ്ട്രീയ താൽപര്യങ്ങൾക്കു വഴങ്ങി ചില അധ്യാപകർ വിദ്യാർഥികൾക്കിടയിൽ അച്ചടക്ക ലംഘനം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഇത്തരം പ്രവണതകൾ കൂടി വരുന്നതെന്ന് അധ്യാപകർക്കിടയിൽ വ്യാപകമായ അഭിപ്രായമുണ്ട്.

വിദ്യാർഥികളിൽ അച്ചടക്കം വളർത്തുന്നതിനായി അധികൃതർ കൈക്കൊണ്ട തീരുമാനങ്ങൾക്കെതിരെ വിദ്യാർഥികളുടെ വാട്സാപ് ഗ്രൂപ്പിൽ ഒരു വിദ്യാർഥി സംഘടനയുടെ പേരിൽ വന്ന കുറിപ്പോടെയാണ് കോപ്പിയടി നടന്ന കാര്യം പുറത്തറിഞ്ഞത്. സംസ്ഥാനത്തെ ഒരു ഗവ. മെഡിക്കൽ കോളജിൽ ഇത്രയേറെ വിദ്യാർഥികൾ കോപ്പിയടിച്ചതിനു പിടിക്കപ്പടുന്ന ആദ്യത്തെ സംഭവമാണിത്. അധ്യാപന രംഗത്തുൾപ്പെടെ മികച്ച നിലവാരം പുലർത്തുന്ന കേരളത്തിലെ കോളജുകളിലൊന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ്. അവിടെയാണ് ഇത്തരത്തിൽ ഗുരുതരമായൊരു സംഭവം നടന്നത്.

Related Articles

Back to top button