പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു… മേയർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്…

തിരുവനന്തപുരം: മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. മാനവീയം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മേയർ വി.വി. രാജേഷ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്തുനിന്ന് നീക്കി. കോർപ്പറേഷൻ സെക്രട്ടറിയെ ഉപരോധിച്ചും പ്രവർത്തകർ പ്രതിഷേധിച്ചു.

മാനവീയം സാംസ്കാരിക കൂട്ടായ്മയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പുഷ്പവതിയുടെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പരിപാടിക്ക് അനുമതി നൽകിയില്ലെന്നാണ് സംഘാടകരുടെ ആരോപണം. പരിപാടിക്കായി അപേക്ഷ നൽകിയിട്ടും മേയർ അനുമതി നിഷേധിച്ചെന്നാണ് കൂട്ടായ്മയുടെ നിലപാട്. എല്ലാ പരിപാടികൾക്കും മാനവീയം വീഥിയിൽ അനുമതി നൽകാനാകില്ലെന്നാണ് മേയറുടെ വിശദീകരണം. മാനവീയം വീഥി ആർക്കും എന്തും നടത്താനുള്ള ഇടമല്ലെന്നും അനുമതി നിഷേധിച്ചെന്ന് ആരോപിക്കുന്ന സംഘടനയുടെ പരിപാടിക്കായി കോർപ്പറേഷനിൽ അപേക്ഷ ലഭിച്ചിട്ടില്ലെന്നും വി.വി. രാജേഷ് വ്യക്തമാക്കിയിരുന്നു.

മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ മാനവീയം വീഥിയിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. നാടൻപാട്ട് കലാകാരന്മാരും പിന്നണി ഗായകരും പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button