ബോർഡ്–കോർപ്പറേഷൻ വിഭജനം… ഹൈക്കമാൻഡ് ഇടപെടൽ തേടി കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: ബോർഡ്–കോർപ്പറേഷൻ വിഭജനത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ. ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെയേ അന്തിമ പട്ടിക പുറത്തിറക്കാവൂ എന്നാണ് ആവശ്യം. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ രീതി ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. വിഭജനം വേഗത്തിലാക്കാൻ ദേശീയ നേതൃത്വം ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അറിയാതെയാണ് നിലവിലെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. ഇതോടെ ബോർഡ്–കോർപ്പറേഷൻ വിഭജനം കോൺഗ്രസിനുള്ളിലെ പ്രധാന തർക്കവിഷയമായി തുടരുകയാണ്. പുതിയ കെപിസിസി പ്രസിഡന്റിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസവും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളും പാർട്ടിയിലെ ഭിന്നത കൂടുതൽ പുറത്തുകൊണ്ടുവന്നു. കെപിസിസി ഭാരവാഹി യോഗത്തിലും വിഷയത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

സർക്കാർ അധികാരമേറ്റിട്ട് ആറുമാസം പിന്നിട്ടിട്ടും ബോർഡ്–കോർപ്പറേഷൻ വിഭജനം പൂർത്തിയാക്കാൻ കഴിയാത്തതിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്. അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ.സി. വേണുഗോപാൽ പക്ഷമാണെന്നാണ് വി.ഡി. സതീശൻ അനുകൂലികളുടെ ആരോപണം. എന്നാൽ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കെ.സി. വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button