യുവാവ് വെടിയേറ്റ് മരിച്ചു… സമീപത്ത് നായാട്ടിനുപയോഗിക്കുന്ന…

കാസർകോട്: ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളത്തെ കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഹൈദർ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞുകിടക്കുന്നത് സുഹൃത്താണ് ആദ്യം കണ്ടത്. തുടർന്ന് ഹൈദറിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആദൂർ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നായാട്ടിനുപയോഗിക്കുന്ന തരത്തിലുള്ള തോക്ക് കണ്ടെത്തിയത്. ഹൈദറിന്റെ കവിളിൽ വെടിയേറ്റിരുന്നതായും പരിശോധനയിൽ വ്യക്തമായി. വെടിയേറ്റതാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തായിരുന്ന ഹൈദർ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. നായാട്ടിനായി പുറപ്പെട്ടതാണോ യുവാവെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. തോക്കിൽ മുഴുവൻ തിരകളും നിറച്ച നിലയിലായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button