ഹൗസ്‌ബോട്ടിലെ സുരക്ഷാവീഴ്ച ആരോപണം…. സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്‌ബോട്ടിൽ നിന്ന് പുഴയിൽ വീണ് അഞ്ചുവയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് ഒക്ടോബർ 12ന് ഉണ്ടായ അപകടത്തിൽ മരിച്ചത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നടപടി.
ഹൗസ്‌ബോട്ട് ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചിരുന്നു. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ബോട്ടിൽ ഉണ്ടായിരുന്നില്ലെന്നും ലൈസൻസില്ലാത്ത ബോട്ടിനെതിരെ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം. സംഭവത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ, ജില്ലാ റൂറൽ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.



