യുവ സംഗീത സംവിധായകന്റെ വാടകവീട്ടിൽ നിന്ന് ലഹരിവേട്ട

കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 12 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. എറണാകുളം പനമ്പിള്ളി നഗർ തൊണ്ടിപ്പറമ്പിൽ വീട്ടിൽ സിജോ സെബാസ്റ്റ്യൻ (24) ആണ് അറസ്റ്റിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം സംഗീത സംവിധായകൻ അലൻ വർഗീസ് വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. താൻ ഗായകനാണെന്നാണ് പിടിയിലായ സിജോ പൊലീസിനോട് അവകാശപ്പെട്ടത്.
വാടകവീട് കേന്ദ്രീകരിച്ച് ടാറ്റൂ ചെയ്യുന്നുണ്ടെന്നും നിരവധി യുവാക്കളും യുവതികളും ഇവിടെ പതിവായി വന്നുപോകുന്നുണ്ടെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ 12 എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെടുത്തത്. ഈ മാസം കൊച്ചി സിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ കൊമേഴ്സ്യൽ ക്വാണ്ടിറ്റി ലഹരിമരുന്ന് കേസാണിത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡി.സി.പിമാരായ മോഹിത് റാവത്ത്, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നർക്കോട്ടിക് സെൽ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരിമാഫിയക്കെതിരെ കർശന നടപടി തുടരുമെന്നും നഗരത്തിൽ പരിശോധന ശക്തമാക്കുമെന്നും കമ്മീഷണർ അറിയിച്ചു.



