പ്രധാനമന്ത്രി ഫോൺ ചോർത്തിയെന്ന ആരോപണത്തിന് പിന്നാലെ രാഹുൽ ഗാന്ധി..

പ്രധാനമന്ത്രി ഫോൺ ചോർത്തിയെന്ന ആരോപണത്തിന് പിന്നാലെ രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനാണന്ന പ്രചാരണവുമായി ബിജെപി. സംവാദത്തിനുള്ള രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയെ പാർലമെൻറിൽ നേരിടാൻ ബിജെപി തയ്യാറെടുപ്പുകൾ തുടങ്ങി. പ്രത്യേക സിറ്റിംഗിൽ അടുത്തയാഴ്ച തീരുമാനം വരും. പാർലമെൻറ് സമ്മേളനത്തിന് മുൻപ് മന്ത്രിസഭ പുനസംഘടന നടക്കുമെന്ന അഭ്യൂഹവും ശക്തമായി.കഴിഞ്ഞ വർഷം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൻറെ വിഡിയോ കുത്തിപ്പൊക്കിയാണ് ഹിന്ദുവിരുദ്ധനാണെന്ന പ്രചാരണം ബിജെപി തുടങ്ങിയിരിക്കുന്നത്. ഉത്തരേന്ത്യ ഛഠ് പൂജയിലേക്ക് കടന്ന വേളയിലാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
ഛഠ് പൂജയെ പോലും നാടകത്തിനും ഫോട്ടോ സെഷനുമുള്ള അവസരമാക്കി മോദി മാറ്റുമെന്ന രാഹുലിൻറെ ആരോപണം, ഛഠ് പൂജ നാടകമാണെന്ന് രാഹുൽ പറഞ്ഞുവെന്നവിധമാണ് പാർട്ടി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ നേതൃത്വത്തിൽ പ്രചാരണം സജീവമാക്കുന്നത്. പ്രധാനമന്ത്രി ഫോൺ ചോർത്തിയെന്ന രാഹുലിൻറെ ആരോപണത്തെ നേരിട്ട മന്ത്രി പ്രൾഹാദ് ജോഷി തെളിവ് ഹാജരാക്കാനും, സോഷ്യൽ മീഡിയയിലെ വെല്ലുവിളി അവസാനിപ്പിച്ച് പാർലമെൻറിൽ ചർച്ചക്കെത്താനും ആവശ്യപ്പെട്ടു.
മോദിക്കെതിരെ തെളിവുണ്ടെങ്കിൽ രാഹുൽ പാർലമെൻറിൽ വയ്ക്കട്ടെയെന്നാണ് ബിജെപിയുടെ നിലപാട്. മണ്ഡല പുനർനിർണ്ണയ ബില്ല് പാസാക്കാൻ പ്രത്യേക സിറ്റിംഗ് നടത്തുന്ന കാര്യത്തിൽ അടുത്തയാഴ്ചയോടെ തീരുമാനമാകും. ഈ മാസം അവസാനത്തോടെ പ്രത്യേക സെഷൻ നടന്നാൽ ഡിസംബർ ആദ്യവാരമായിരിക്കും ശൈത്യകാല സമ്മേളനം തുടങ്ങുക. പ്രത്യേക സിറ്റിംഗിന് മുൻപ് 23ന് മന്ത്രിസഭ പുനസംഘടന നടന്നേക്കുമെന്ന അഭ്യൂഹമാണുള്ളത്. സംഖ്യ ഉറപ്പിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായിട്ട് കൂടിയാണ് ആലോചന. കേരളത്തിൽ നിന്ന ് സി സദാനന്ദൻറെ പേരും ചർച്ചയിലുണ്ട്.



