മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ടൗൺഷിപ്പ്… വീടുനിർമാണം ഇഴയുന്നു; വാടകയും ലഭിച്ചില്ലെന്ന് പരാതി

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിലെ രണ്ടാംഘട്ട വീടുകളുടെ നിർമാണം വൈകുന്നതിനെതിരെ ദുരന്തബാധിതർ രംഗത്ത്. രണ്ട് എ, രണ്ട് ബി ഗുണഭോക്തൃപട്ടികകളിൽ ഉൾപ്പെട്ട 156 കുടുംബങ്ങളുടെ കൂട്ടായ്മയായ ‘ദുരന്തബാധിതരാണ്’ ആണ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതായും ഒക്ടോബർ മാസത്തെ വീട്ടുവാടക ലഭിച്ചില്ലെന്നും ആരോപിച്ചത്. വീടുകൾ ലഭിക്കാത്തവർ സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയതോടെ ഒക്ടോബർ 30നകം നിർമാണം പൂർത്തിയാക്കി വീടുകൾ കൈമാറുമെന്ന് മന്ത്രി ടി. സിദ്ദിഖ് ഉറപ്പുനൽകിയിരുന്നു.

നവംബർ ഒന്നിനകം വീടുകൾ നൽകുമെന്ന് മന്ത്രി എ.പി. അനിൽകുമാറും അറിയിച്ചിരുന്നു. എന്നാൽ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം എങ്ങുമെത്തിയിട്ടില്ലെന്ന് കുടുംബങ്ങളെ പ്രതിനിധീകരിച്ച് പി. പ്രദീപ് പറഞ്ഞു. നിർമാണം നടക്കുന്ന സ്ഥലത്ത് നേരത്തേ രണ്ടായിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അഞ്ഞൂറോളം പേർ മാത്രമാണുള്ളത്. റോഡുകളുടെയും പൊതുസ്ഥാപനങ്ങളുടെയും നിർമാണത്തിനാണ് നിലവിൽ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും നിർമാണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരുടെയും സർക്കാർ സംവിധാനങ്ങളുടെയും ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടാകുന്നില്ലെന്നും കൂട്ടായ്മ ആരോപിച്ചു. സെപ്റ്റംബർ 28ന് മേപ്പാടി ഗസ്റ്റ് ഹൗസിൽ മന്ത്രി ടി. സിദ്ദിഖുമായി നടത്തിയ ചർച്ചയിൽ കേരളപ്പിറവി ദിനത്തിൽ വീടുകൾ കൈമാറുമെന്നും നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുനൽകിയതായി ദുരന്തബാധിതർ പറഞ്ഞു.

എന്നാൽ കളക്ടറെ സമീപിച്ചപ്പോൾ വീടുകളുടെ നിർമാണം പൂർത്തിയാകാതെ നറുക്കെടുപ്പിനെക്കുറിച്ച് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും നിർമാണം എപ്പോൾ പൂർത്തിയാകുമെന്ന കാര്യത്തിൽ കളക്ടർക്കും വ്യക്തതയില്ലെന്നും അവർ ആരോപിച്ചു. ദുരന്തബാധിത പ്രദേശത്തെ മുഴുവൻ പേരുടെയും വായ്പകൾ എഴുതിത്തള്ളുമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പായിട്ടില്ലെന്നാണ് പരാതി. മൈക്രോപ്ലാനിൽ ഉൾപ്പെടുത്തി സ്റ്റാർട്ടപ്പുകൾക്ക് രണ്ടുലക്ഷം രൂപ സഹായം നൽകുമെന്ന വാഗ്ദാനവും പാതിവഴിയിലാണ്. ദുരന്തത്തിൽ വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെട്ട വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കുമുള്ള സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ദുരന്തബാധിതർ പറയുന്നു. എല്ലാ മാസവും മൂന്നാം തീയതിയാണ് വീട്ടുവാടകയും ദിനബത്തയും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുന്നത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും ഒക്ടോബറിലെ തുക ലഭിച്ചിട്ടില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പണം നൽകുമെന്നും നവംബർ വരെ സഹായം തുടരാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയെന്നും ഒക്ടോബർ പത്തിന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞിരുന്നു. ആ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് വിജയൻ മഠത്തിൽ ആരോപിച്ചു.

നിലവിൽ 6,000 രൂപയാണ് സർക്കാർ പ്രതിമാസ വാടകയായി നൽകുന്നത്. എന്നാൽ ഈ തുകയ്ക്ക് വീട് ലഭിക്കില്ലെന്നും കുറഞ്ഞത് 12,000 രൂപയെങ്കിലും നൽകിയാലേ വീടുകൾ കണ്ടെത്താനാകൂവെന്നും ദുരന്തബാധിതർ പറയുന്നു. ദുരന്തത്തെത്തുടർന്ന് അടിയന്തരമായി താമസം മാറേണ്ടിവന്നതിനാൽ പല വീടുകളിലും ആവശ്യമായ സൗകര്യങ്ങളില്ല. വീട്ടുടമകൾ ആവശ്യപ്പെടുമ്പോൾ ഒഴിഞ്ഞുകൊടുക്കേണ്ടിവരുന്നതും വലിയ പ്രയാസമാണ്. രണ്ടുവർഷത്തിനിടെ നാലു വീടുകളിൽ മാറിത്താമസിക്കേണ്ടിവന്നതായി ദുരന്തബാധിതനായ പി.എച്ച്. മുഹമ്മദലി പറഞ്ഞു. ഒക്ടോബർ 30നകം വീടുകളുടെ നിർമാണം പൂർത്തിയാക്കി നറുക്കെടുപ്പ് നടത്തി പട്ടയം നൽകിയില്ലെങ്കിൽ കളക്ടറേറ്റിന് മുന്നിൽ സമരം നടത്താനാണ് തീരുമാനമെന്ന് ദുരന്തബാധിത കൂട്ടായ്മയുടെ ട്രഷറർ കെ. ശിവാനന്ദൻ അറിയിച്ചു.

Back to top button