മാധ്യമപ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമം… സുപ്രീം കോടതിയെ സമീപിച്ച് KUWJ

ഡല്ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്ക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മലയാളി മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ ഡൽഹി പൊലീസ് അതിക്രമത്തിനെതിരെ കേരള യൂണിയന് ഓഫ് വര്ക്കിംഗ് ജേര്ണലിസ്റ്റ് (KUWJ) സുപ്രീം കോടതിയെ സമീപിച്ചു. മാധ്യമപ്രവര്ത്തകരെ നിയമവിരുദ്ധമായി തടങ്കലില് വച്ചതിനും കൈയേറ്റം ചെയ്തതിനുമെതിരെ കോടതിയുടെ അടിയന്തര ഇടപെടല് വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
സിജെപിയും വിവിധ വിദ്യാര്ഥി സംഘടനകളും നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹിയിൽ സമാനതകളില്ലാത്ത നിയന്ത്രണങ്ങളും നടപടികളുമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രതിഷേധ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം പൂർണ്ണമായി തടയുകയും ആയിരക്കണക്കിന് ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഡൽഹിയിലെ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകർക്കും ഡൽഹി പൊലീസിന്റെ ക്രൂരത നേരിടേണ്ടി വന്നത്. ഔദ്യോഗിക പ്രസ് ഐഡി കാര്ഡുകളും ചാനല് മൈക്കുകളും ഉണ്ടായിട്ടും പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്യുകയായിരുന്നു. മാധ്യമപ്രവർത്തകരുടെ കഴുത്തിന് പിടിച്ചുതിരിക്കുകയടക്കമുള്ള അതിക്രമങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.
സംഘര്ഷം റിപ്പോര്ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്ത്തകരെ തടയരുതെന്ന സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ പൂർണ്ണമായും കാറ്റില്പ്പറത്തിക്കൊണ്ടാണ് പൊലീസ് നടപടി ഉണ്ടായത്. ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാണിച്ചാണ് കെയുഡബ്ല്യുജെ ഡൽഹി ഘടകം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.



