ജയിലിലേക്ക് അയയ്ക്കാതെ സുഹൈലിനെ ബോസ്റ്റല് സ്കൂളിലേക്ക് റിമാന്ഡ് ചെയ്തതെന്തിന്?…

കാക്കനാട്: പ്രതി സുഹൈൽ സജീവിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നു. പ്രതിയെ സാധാരണ ജയിലിൽ പാർപ്പിക്കാത്തതിൽ പ്രതിഷേധിച്ച് മരിച്ച ദേവികയുടെയും ഗോപികയുടെയും ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ എന്താണ് ബോസ്റ്റൽ സ്കൂൾ എന്നും, അവിടെ നിലവിലുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും ചർച്ചയാവുകയാണ്.
ജയിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിലവിൽ 119 അന്തേവാസികളാണ് ഉള്ളത്. ഇതിൽ 108 പേർ റിമാൻഡ് ചെയ്യപ്പെട്ടവരും, 9 പേർ വിചാരണ നേരിടുന്നവരും, 2 പേർ ശിക്ഷ അനുഭവിക്കുന്നവരുമാണ്. അന്തേവാസികളെ കർശനമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 18 മുതൽ 21 വയസ്സുവരെയുള്ള യുവാക്കളെ മുതിർന്ന കുറ്റവാളികളിൽ നിന്ന് വേർതിരിച്ചു പാർപ്പിക്കുന്നതിനായി ജയിൽ വകുപ്പ് രൂപീകരിച്ച പ്രത്യേക സ്ഥാപനമാണ് ബോസ്റ്റൽ സ്കൂൾ.
കേരളത്തിലെ ആദ്യ ബോസ്റ്റൽ സ്കൂൾ കണ്ണൂർ സെൻട്രൽ ജയിലിനോടു ചേർന്നാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും, പിന്നീട് 1995-ൽ ഇത് കൊച്ചിയിലെ കാക്കനാട്ടേക്ക് മാറ്റുകയായിരുന്നു. മുതിർന്ന കുറ്റവാളികളോടൊപ്പം സാധാരണ ജയിലിൽ കഴിയുമ്പോൾ യുവാക്കൾക്ക് ഉണ്ടാകാനിടയുള്ള ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുക എന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിമാൻഡ് പ്രതികളെ ഇവിടെ പാർപ്പിക്കുന്നത്.




