ശൂരനാട് വിദ്യാർഥിയുടെ ആത്മഹത്യ… പ്രിൻസിപ്പലിനെ സ്ഥലം മാറ്റി

കൊല്ലം: ശൂരനാട് പ്ലസ് ടു വിദ്യാർഥി നിരഞ്ജന്റെ ആത്മഹത്യയിൽ നടപടി. സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. സന്ധ്യാകുമാരിയെ കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാർഥിയോട് പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് നടപടി. സ്കൂൾ യാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനെ മറ്റ് വിദ്യാർഥികളുടെ മുന്നിൽവെച്ച് ശകാരിക്കുകയും അപമാനിക്കുകയും ചെയ്തെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും ആരോപണം.

പിന്നീട് മാതാപിതാക്കളെ സ്കൂൾ ഓഫീസിലേക്ക് വിളിച്ചുവരുത്തി ശകാരിച്ചെന്നും പരാതിയുണ്ട്. ഇതിന് പിന്നാലെയാണ് നിരഞ്ജനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കളും വിദ്യാർഥി സംഘടനകളും മൃതദേഹവുമായി ശൂരനാട് സ്കൂളിന് മുന്നിലെത്തി. നീതിയുക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ശൂരനാട് പൊലീസ്, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം, വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച് കുറിപ്പിൽ അധ്യാപകരുടെ പീഡനത്തെക്കുറിച്ച് പരാമർശമില്ല. എന്നാൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button