വീണ്ടും മയക്കുവെടിവച്ചു… ഇത്തവണയും ചക്കക്കൊമ്പന്…

വയനാട്: ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്കുവെടി വെച്ചെങ്കിലും ആനയ്ക്ക് വെടിയേറ്റില്ലെന്ന് റിപ്പോർട്ട്. ഓമനക്കുഴി ഭാഗത്തുവെച്ചാണ് ദൗത്യസംഘം മയക്കുവെടി പ്രയോഗിച്ചത്. ആദ്യ ഡോസ് വെടിവെച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം ഇതോടെ വീണ്ടും പ്രതിസന്ധിയിലായി. തുടർച്ചയായ മൂന്നാം ദിവസമാണ് ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം നടക്കുന്നത്. നവംബർ 25ന് ദൗത്യത്തിന്റെ ആദ്യ ദിവസം ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചിരുന്നെങ്കിലും പൂർണമായി മയങ്ങിയിരുന്നില്ല. തുടർന്ന് പ്രയോഗിച്ച ബൂസ്റ്റർ ഡോസ് ആനയുടെ ശരീരത്തിൽ കൃത്യമായി ഏൽക്കാതെ പോയി.

കനത്ത മഴയും കോടമഞ്ഞും പ്രതികൂലമായതോടെ അന്നത്തെ ദൗത്യം താൽക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. നവംബർ 26ന് രാവിലെ ദൗത്യം പുനരാരംഭിച്ചെങ്കിലും മയക്കുവെടി വെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ സാധിച്ചില്ല. ഇതോടെ അന്നും വെടിവെക്കാനായില്ല. നവംബർ 27ന് മൂന്നാം ദിവസത്തിലേക്ക് കടന്ന ദൗത്യത്തിലും വെല്ലുവിളികൾ തുടരുകയാണ്. ജലാശയത്തിന് സമീപമുള്ള നടുത്തുരുത്തി, 301 കോളനി ഭാഗങ്ങളിലേക്ക് ആന നീങ്ങുന്നതും പിടിയാനയും കുഞ്ഞും ഒപ്പമുള്ളതും ദൗത്യസംഘത്തിന് പ്രതിസന്ധിയാകുന്നുണ്ട്. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെയും 140ഓളം വരുന്ന ദൗത്യസംഘത്തിന്റെയും സഹായത്തോടെ ചക്കക്കൊമ്പനെ അനുയോജ്യമായ സ്ഥലത്തെത്തിച്ച് മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ ശ്രമം. തുടർച്ചയായ തിരിച്ചടികൾക്കിടയിലും ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം വിജയിപ്പിക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പ് തുടരുകയാണ്.

Related Articles

Back to top button