മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ പേര് നിർദേശിച്ച് ഹൈക്കോടതി…

കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങൾക്ക് ‘റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ ഹെൽത്ത് ആൻഡ് വെൽനെസ്’ എന്ന മാതൃകയിലുള്ള പേര് അനുയോജ്യമാകുമെന്ന് ഹൈക്കോടതി. നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ‘ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്റർ’ എന്നാക്കാനുള്ള നിർദേശത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും എതിർപ്പ് അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിർദേശം. പേര് മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ സമയം തേടിയതോടെ ഹർജി ഡിസംബർ ഒന്നിലേക്ക് മാറ്റി. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.



