വിളിപ്പുറത്ത് ഉണ്ടാകണം… മിന്നൽ സമരങ്ങൾക്ക് തയ്യാറാകാൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യത. മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോടും ‘ഇന്ത്യാ’ സഖ്യ നേതാക്കളോടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ കഴിയണമെന്ന് അദ്ദേഹം നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിലെ നടപടികൾ എന്താകുമെന്ന് ഉറ്റുനോക്കുകയാണ് സഖ്യത്തിലെ മറ്റ് നേതാക്കൾ.
അതിനിടെ, ജന്തർമന്തറിലേക്ക് അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ചതിന് അറസ്റ്റിലായ സിജെപി നേതാക്കളെ കോടതി അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ പിന്നീട് ജയിലിലേക്ക് മാറ്റും. മറുവശത്ത്, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജന്തർമന്തർ വളയാൻ വിവിധ സംഘടനകൾ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദില്ലിയിൽ ഒക്ടോബർ 20 വരെ കേന്ദ്രസേനകളുടെ സാന്നിധ്യം തുടരണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെട്ടു. 273 കമ്പനി കേന്ദ്രസേനയെ ഒക്ടോബർ 20 വരെ ദില്ലിയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.




