നെടുമ്പാശ്ശേരി അപകടം… സുഹൈലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന്…

കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ ശക്തമായ തുടർനടപടികളുണ്ടാകുമെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്. അപകടത്തിൽ പ്രതിയായ സുഹൈൽ സജീവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. റോഡ് അപകടങ്ങളിൽ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ പരിശോധന കർശനമാക്കുമെന്നും ആർടിഒ വ്യക്തമാക്കി.
സുഹൈൽ സ്ഥിരമായി നിയമലംഘനം നടത്തിയിരുന്നോയെന്ന് പരിശോധിക്കുമെന്നും നിയമം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും ബിജു ഐസക് പറഞ്ഞു. അതേസമയം, മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ കേസിൽ പ്രതി സുഹൈൽ സജീവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും അപകടത്തിന് മുമ്പ് മത്സരയോട്ടം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുമാണ് പൊലീസ് നീക്കം. സുഹൈലിന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. പ്രതിയുടെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് വേഗത്തിൽ ലഭിക്കാനുള്ള ശ്രമവും തുടരുകയാണ്. പ്രതിയെ സംരക്ഷിക്കാൻ ഒത്തുകളി നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് നടപടികൾ ശക്തമാക്കുന്നത്.
സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ശനിയാഴ്ച അർധരാത്രിയിലാണ് സുഹൈൽ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ചത്. വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടസ്ഥലത്ത് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് പുറത്തിറങ്ങിയ മൂന്നുപേരും നെടുമ്പാശ്ശേരിയിൽനിന്ന് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പിന്നാലെ നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ, ‘എല്ലാം ബാപ്പ നോക്കിക്കോളും’ എന്ന് പ്രതി നാട്ടുകാരോട് ആക്രോശിച്ചതായും റിപ്പോർട്ടുണ്ട്.




