100 കോടിയുടെ സ്വത്തിനായി ക്രൂരത….കൂടത്തായിക്ക് സമാനം…

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനമായ കരമന കൂടത്തിൽ കുടുംബത്തിലെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഒമ്പതു വർഷങ്ങൾക്കുശേഷം അറസ്റ്റ്. കൂടത്തിൽ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുക്കാൻ കാര്യസ്ഥൻ രവീന്ദ്രൻ നായർ നടത്തിയ ശ്രമങ്ങളാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മറ്റ് തെളിവുകളുടെ അഭാവം മൂലം പ്രതിസന്ധിയിലായിരുന്ന ക്രൈംബ്രാഞ്ച്, ബ്രെയിൻ മാപ്പിങ്ങിലൂടെ കുറ്റകൃത്യത്തിൽ പ്രതിക്കുള്ള പങ്ക് സ്ഥിരീകരിച്ചാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൂടത്തിൽ തറവാട്ടിലെ കോടികളുടെ സ്വത്തിന് അനന്തരവകാശികളാകേണ്ട ഏഴുപേരാണ് പതിനഞ്ചു വർഷത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഫോറൻസിക് റിപ്പോർട്ടായിരുന്നു കേസിൽ നിർണായ വഴിത്തിരിവ്. വർഷങ്ങളായി ഈ കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു. ജയമാധവൻനായരുടെ മരണം കൊലപാതകമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അറസ്റ്റ് നടന്നിരുന്നില്ല. മരണപ്പെട്ടവർക്ക് അവകാശം ഉണ്ടായിരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനായ രവീന്ദ്രൻ നായരുടെയും ചില ബന്ധുക്കളുടെയും കൈവശമെത്തിയതോടെയാണ് സംശയം ഉടലെടുത്തത്.
ഇന്ന് ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം രവീന്ദ്രൻ നായരെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയമാധവൻ നായരുടെ കൊലപാതകത്തിലൂടെ ഭൂമി തട്ടിയെടുക്കുകയായിരുന്നു രവീന്ദ്രന്റെ ലക്ഷ്യമെന്നാണ് കണ്ടെത്തൽ.



