എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ….

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്തതില്‍ വിശദീകരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് മുന്‍പായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൂടിക്കാഴ്ചയ്ക്കായി ഔദ്യോഗികമായി സമയം ചോദിച്ചിരുന്നില്ല. ചില രാഷ്ട്രീയ പാര്ട്ടികള്പ്രത്യേകിച്ച്, ചില പാര്‍ലമെന്റ് അംഗങ്ങള്‍ കമ്മീഷനെ കാണാന്‍ ആഗ്രഹിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
എന്നാല്‍ പ്രതിപക്ഷ എംപിമാരുടെ സംഘം തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ഡല്‍ഹി പൊലീസാണ് വൈകിട്ട് 4 മണിയോടെ തങ്ങളെ അറിയിച്ചതെന്ന് കമ്മിഷന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളോ സഖ്യങ്ങളോ കൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ഔദ്യോഗിക പ്രതിനിധികള്‍ വഴി മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് ചട്ടം. തുടര്‍ന്ന് ഇരുവിഭാഗത്തിനും സൗകര്യപ്രദമായ സമയം നിശ്ചയിക്കുകയാണ് പതിവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കുന്നു.
പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്ന് ലഭിച്ച കൂടിക്കാഴ്ചാ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിച്ചുകൊണ്ടിരിക്കെ, 240 എംപിമാരടങ്ങുന്ന സംഘവുമായി പാര്‍ലമെന്റ് ഹൗസ് അനക്സില്‍ വെച്ച് കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഇത്തരം കൂടിക്കാഴ്ചകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് വെച്ചാണ് നടത്തേണ്ടതെന്ന പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാൽ പുറത്ത് കൂടിക്കാഴ്ച സാധ്യമല്ല. അതുകൊണ്ട് എംപിമാരുടെ ഈ ആവശ്യം അസാധാരണവും സ്വീകാര്യവുമല്ലെന്ന് കമ്മീഷന് വിലയിരുത്തി.




