ശബരിമല ഇ ടെൻഡർ അട്ടിമറി; വിജിലൻസ് റിപ്പോർട്ട് ലഭിച്ച… ശക്തമായ നടപടി..

ശബരിമലയിലെ കടമുറികളുടെ ഇ ടെൻഡർ അട്ടിമറിയിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വിഷയത്തിൽ സംഘടിത ബ്ലാക്ക് മെയിലിങിന് നിന്ന് കൊടുക്കില്ലെന്ന് കെ ജയകുമാർ പറഞ്ഞു. ടെൻഡർ ചോരുന്നത് അത്ഭുതകരമായ കാര്യമല്ല, ഇവിടെ നിന്ന് ഒരുപാട് കാര്യങ്ങൾ അങ്ങനെ ചോരുമെന്നും കെ ജയകുമാർ തുറന്നടിച്ചു. ടെൻഡർ ചോർന്നത് സംബന്ധിച്ചുള്ള വിജിലൻസിന്റെ റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം വിഷയത്തിൽ ആശങ്ക വേണ്ടെന്നും പറഞ്ഞു.
ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റീ ടെൻഡർ വിളിച്ചിരുന്നു. സന്നിധാനത്തെ 210 കടമുറികളുടെയാണ് റീ ടെൻഡർ വിളിച്ചത്. ശബരിമലയിലെ കടമുറികൾക്കായുള്ള ടെൻഡർ വിവരം ചോർന്നതിന് പിന്നാലെ രണ്ട് ഘട്ടമായുള്ള ടെൻഡർ റദ്ദാക്കിയിരുന്നു.
ടെൻഡർ വിവരം കരാറുകാർക്ക് ചോർന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്വേഷണ നടത്തിയിരുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ആന്ധ്രയിലായിരുന്ന ദേവസ്വം വിജിലൻസ് എസ് പി സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്.




