ലൗലി സർവകലാശാലയിലെ പ്രതിഷേധം അടിച്ചമർത്താൻ ബിജെപിയുടെ ശ്രമമെന്ന് പിണറായി

പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അതിശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന ആരോപണം ഉയർന്നതിന് പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ സർവകലാശാലയിൽ നടക്കുന്ന അതിക്രമം അതിഗൗരവത്തോടെ കാണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി ജെ പി എം പിയും സർവകലാശാലാ സ്ഥാപകനുമായ അശോക് കുമാർ മിത്തൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ പോലീസിനെയും സംഘപരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. അവിടെ പഠിക്കുന്ന 1500 ലധികം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയും നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാസൗകര്യവും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഉറപ്പാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.



