16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി… മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ…

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ് നഗറിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് യുവാക്കളെ പൊലീസ് പിടികൂടി. പിടിയിലായവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. 19കാരനായ ശിവം ഗണേഷാണ് കേസിൽ പ്രായപൂർത്തിയായ പ്രതി. ഈ മാസം 11നാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പെൺകുട്ടിയുടെ സുഹൃത്തായ 17കാരനും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയെ ആക്രമിച്ചശേഷം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. മൃഗങ്ങൾ കടിച്ചുകീറിയ നിലയിലുള്ള മൃതദേഹം ഞായറാഴ്ച രാവിലെയാണ് പൊലീസ് കണ്ടെത്തിയത്. പരിസരവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളും 50ലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. 72 മണിക്കൂറിനുള്ളിൽ സ്വരൂപ് നഗറിൽനിന്നുതന്നെ പ്രതികളെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്തായ 17കാരനെയാണ് മുഖ്യപ്രതിയായി പൊലീസ് തിരിച്ചറിഞ്ഞത്. 16, 17 വയസുള്ള മറ്റ് രണ്ട് പേരും കേസിൽ പിടിയിലായിട്ടുണ്ട്.
ഒറ്റയ്ക്ക് ജോലി ചെയ്ത് മാതാപിതാക്കളെ സഹായിക്കുന്നതിനായി വീട്ടിൽനിന്ന് മാറിത്താമസിക്കുകയായിരുന്നു പെൺകുട്ടി. 11ന് രാത്രി സുഹൃത്തിനെ കാണാനായി പുറത്തേക്ക് പോയതിന് പിന്നാലെയാണ് കാണാതായത്. പെൺകുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുറ്റകൃത്യം പ്രതികൾ സഞ്ചരിച്ച ടെമ്പോയിലാണോ, മൃതദേഹം ഉപേക്ഷിച്ച വയൽ പ്രദേശത്താണോ നടന്നതെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ അന്വേഷണം തുടരുകയാണ്.



